ബെംഗളൂരു: എഡ്ടെക് സ്ഥാപനമായ ബൈജൂസ് 800 മില്യണ്‍ ഡോളര്‍ (ഏകദേശം 6,000 കോടി രൂപ) സമാഹരിച്ചു. സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ബൈജു രവീന്ദ്രന്‍ അതിന്റെ പകുതി സംഭാവന ചെയ്തു. സുമേരു വെഞ്ച്വേഴ്സ്, വിട്രൂവിയന്‍ പാര്‍ട്ണേഴ്സ്, ബ്ലാക്ക്റോക്ക് എന്നിവരും ഈ റൗണ്ടില്‍ പങ്കെടുത്തു. ഇതോടെ ബംഗളൂരു ആസ്ഥാനമായുള്ള കമ്പനിയുടെ മൂല്യം നേരത്തെയുള്ള 18 ബില്യണ്‍ ഡോളറില്‍ നിന്ന് 22 ബില്യണ്‍ ഡോളറായി ഉയര്‍ന്നു.
കമ്പനിയില്‍ 400 മില്യണ്‍ ഡോളര്‍ വ്യക്തിഗത നിക്ഷേപം നടത്തിയ ശേഷം ബൈജു രവീന്ദ്രന്റെ ഓഹരി 22 ശതമാനത്തില്‍ നിന്ന് 25 ശതമാനമായി ഉയര്‍ന്നതായി കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. ലോകത്തിലെ ഏറ്റവും മൂല്യവത്തായ എഡ്ടെക് കമ്പനിയായ ബൈജൂസ്, ആഗോള വിപണികളില്‍ തങ്ങളുടെ ബിസിനസ്സ് വികസിപ്പിക്കുന്നതിലും കൂടുതല്‍ ഏറ്റെടുക്കലുകള്‍ നടത്തുന്നതിനും ശ്രമിക്കുകയാണെന്ന് കമ്പനി വൃത്തങ്ങള്‍ പറയുന്നു. സ്പെഷ്യല്‍ പര്‍പ്പസ് അക്വിസിഷന്‍ കമ്പനി (സ്പാക്) വഴി 4 ബില്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ കമ്പനി ചര്‍ച്ചില്‍ ക്യാപിറ്റലുമായി ചര്‍ച്ച നടത്തുന്നുണ്ട്. ഈ റൗണ്ട് വിജയിച്ചാല്‍ അതിന്റെ മൂല്യം ഇരട്ടിയിലധികം വര്‍ധിച്ച് ഏകദേശം 48 ബില്യണ്‍ ഡോളറായി ഉയരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍, ഓക്സ്ഷോട്ട് വെഞ്ച്വര്‍ ഫണ്ട്, എഡല്‍വീസ് പ്രൈവറ്റ് ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റ് തുടങ്ങിയ നിക്ഷേപകരില്‍ നിന്ന് പുതിയ നിക്ഷേപത്തിന്റെ ഭാഗമായി ബൈജൂസ് ഏകദേശം 300 മില്യണ്‍ ഡോളര്‍ സമാഹരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണിലെ 16.5 ബില്യണ്‍ മൂല്യത്തില്‍ നിന്ന് ബൈജുവിന്റെ മൂല്യം ഇതോടെ 18 ബില്യണ്‍ ഡോളറായിരുന്നു.
2021 ജൂണില്‍, ഫിന്‍ടെക് കമ്പനിയായ പേടിഎമ്മിന്റെ 16 ബില്യണ്‍ ഡോളര്‍ മൂല്യനിര്‍ണ്ണയം മറികടന്ന് ബൈജൂസ് ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ യൂണികോണ്‍ ആയി മാറി. അത് പിന്നീട് ഒരു പ്രാഥമിക ഓഹരി വില്‍പ്പന (ഐപിഒ) നടത്തി. 2023ല്‍ 3 ബില്യണ്‍ ഡോളര്‍ വരുമാനം നേടുമെന്ന് സ്ഥാപനം പ്രതീക്ഷിക്കുന്നതായി ഉന്നത വൃത്തങ്ങള്‍ സൂചിപ്പിച്ചു. കമ്പനി ഇതിനകം ഏകദേശം 1.5 ബില്യണ്‍ ഡോളര്‍ വരുമാനം മറികടന്നു.
Source Livenewage