ഡൽഹി: ആൽഫ വേവ് ഗ്ലോബലും ടൈഗർ ഗ്ലോബലും ചേർന്ന് നയിച്ച സീരീസ് ഡി റൗണ്ടിൽ 70 മില്യൺ ഡോളർ സമാഹരിച്ചതായി ബി2ബി എഡ്‌ടെക് സ്റ്റാർട്ടപ്പായ ക്ലാസ്പ്ലസ് ചൊവ്വാഴ്ച പ്രഖ്യാപിച്ചു. റൗണ്ടിന്റെ ഭാഗമായി, അബുദാബി ആസ്ഥാനമായുള്ള ചിമേര വെഞ്ചേഴ്‌സ് പുതിയ നിക്ഷേപകരായി എത്തിയപ്പോൾ നിലവിലുള്ള നിക്ഷേപകരായ ആർടിപി ഗ്ലോബൽ, ക്ലാസ് പ്ലസിലെ നിക്ഷേപം ഇരട്ടിയാക്കി. ഈ ഫണ്ടിങ്ങോടെ കമ്പനിയുടെ മൂല്യം 600 മില്യൺ ഡോളറായി ഉയർന്നു.
2018-ൽ മുകുൾ റുസ്തഗിയും, ഭസ്വത് അഗർവാളും ചേർന്ന് സ്ഥാപിച്ച സ്റ്റാർട്പ്പാണ് ക്ലാസ്പ്ലസ്, അധ്യാപകർക്കും ഉള്ളടക്ക സ്രഷ്‌ടാക്കൾക്കും ഓൺലൈൻ സാന്നിധ്യം സൃഷ്ട്ടിക്കാനും, ഓഫ്‌ലൈൻ ട്യൂഷൻ സെന്ററുകൾ ഡിജിറ്റൈസ് ചെയ്യാനും, ഓൺലൈനിൽ കോഴ്‌സുകൾ വിൽക്കാനും ഇവരെ അനുവദിക്കുന്ന ഒരു മൊബൈൽ-ഫസ്റ്റ് സോഫ്‌റ്റ്‌വെയർ-ആസ്-എ-സർവീസ് (എസ്എഎഎസ്) പ്ലാറ്റ്‌ഫോമാണ് ക്ലാസ്പ്ലസ്.
അദ്ധ്യാപക അടിത്തറയുടെ 75 ശതമാനത്തിലധികം ടയർ 2 നഗരങ്ങളിലാണെന്നും, മൂവായിരത്തിലധികം നഗരങ്ങളിലുമായി ഒരു ലക്ഷത്തിലധികം അധ്യാപകരും ഉള്ളടക്ക സ്രഷ്‌ടാക്കളും പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു. സിംഗപ്പൂർ, വിയറ്റ്‌നാം, മലേഷ്യ എന്നിവയുൾപ്പെടെ തെക്കുകിഴക്കൻ ഏഷ്യൻ വിപണികളിൽ ക്ലാസ്പ്ലസ് അടുത്തിടെ വിപുലീകരണം പ്രഖ്യാപിച്ചിരുന്നു. ജനുവരിയിൽ സൊമാറ്റോയിലെ എൻജിനീയറിങ് വൈസ് പ്രസിഡന്റായിരുന്ന മനീഷ് ചൗളയെ സിടിഒ ആയും ഗാനയുടെ ഫിനാൻസ് മേധാവിയായിരുന്ന സങ്കൽപ് അഗർവാളിനെ സിഎഫ്ഒ ആയും ക്ലാസ്പ്ലസ് നിയമിച്ചിരുന്നു.
Source Livenewage