കൊച്ചി: രാജ്യത്തെ പ്രമുഖ ഹൈ ഇന്റന്റ് ഡേറ്റിംഗ് ആപ്പായ ഐലിന്റെ (Aisle) 76% ഓഹരി 91 കോടി രൂപയ്ക്ക് ഏറ്റെടുത്ത് ഇൻഫോ എഡ്‌ജ് പുതിയ പങ്കാളിത്തം പ്രഖ്യാപിച്ചു. നൗക്രി, ജീവൻസാതി, 99 ഏക്കേഴ്‌സ്, ശിക്ഷ തുടങ്ങിയ പ്രമുഖ ഇന്റർനെറ്റ് പ്ലാറ്റ്‌ഫോമുകൾ പ്രവർത്തിപ്പിക്കുന്ന ഇൻഫോ എഡ്ജ് ഇന്ത്യയിലെ ഏറ്റവും വലിയ ടെക് പബ്ലിക് കമ്പനികളിൽ ഒന്നാണ്.
ഇന്ത്യയിലെ ഹൈ-ഇന്റന്റ് ഡേറ്റിംഗ് വിപണിയിൽ ഐലിന്റെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഈ ഫണ്ട് ഉപയോഗിക്കുമെന്ന് സ്ഥാപകനായ മലയാളി സംരംഭകൻ ഏബൽ ജോസഫ് പറഞ്ഞു.അവിവാഹിതരായ ഇന്ത്യക്കാർക്ക് സ്വതന്ത്രമായി കണ്ടുമുട്ടാനും ബന്ധപ്പെടാനുമുള്ള പ്ലാറ്റ്‌ഫോമുകളുടെ അഭാവം തിരിച്ചറിഞ്ഞാണ് ഏബൽ ജോസഫ് 2014-ൽ ഐൽ ആരംഭിച്ചത്. ഹൈ ഇന്റന്റ് ഡേറ്റിംഗിന്റെ വർദ്ധിച്ചുവരുന്ന ജനപ്രീതി കണക്കിലെടുത്ത്, രാജ്യത്തിനകത്തും പുറത്തും താമസിക്കുന്ന മലയാളികൾക്കായി ഇന്ത്യയിലെ ആദ്യത്തെ പ്രാദേശിക ഡേറ്റിംഗ് ആപ്പായ ‘അരികെ’ കമ്പനി പുറത്തിറക്കി. അരികെ വൻ ഹിറ്റായതോടെ തമിഴിൽ അൻപേ, തെലുങ്കിൽ നീതോ എന്നിവയും ആരംഭിച്ചു. എല്ലാ ആപ്പുകളിലുമായി 7 ദശലക്ഷത്തിലധികം അംഗങ്ങളുള്ള, ഐലിന്റെ അംഗസംഖ്യ കഴിഞ്ഞ രണ്ട് വർഷത്തിനിടെ 100 ശതമാനം വർധിച്ചു.
സൊമാറ്റോയിലെയും പോളിസി ബസാറിലെയും ആദ്യകാല നിക്ഷേപകരിൽ ഒരാളായിരുന്ന ഇൻഫോ, പുതു തലമുറ സ്റ്റാർട്ടപ്പുകളിൽ അവരുടെ ബാലൻസ് ഷീറ്റിൽ നിന്നും അവരുടെ പ്രാരംഭഘട്ട ഫണ്ടായ ഇൻഫോ എഡ്ജ് വെഞ്ചേഴ്‌സിൽ നിന്നും നിക്ഷേപം തുടരുന്നു. ഐലും ജീവൻസതിയും ഉപയോഗിച്ച്, മാച്ച് മേക്കിംഗ് സെഗ്‌മെന്റിൽ അതിന്റെ സാനിധ്യം ശക്തിപ്പെടുത്താൻ ഇൻഫോ എഡ്‌ജ് പരിശ്രമം തുടരും.
Source Livenewage