ഏവരും കാത്തിരുന്ന ഇന്‍ഷുറന്‍സ് അതികായനായ എല്‍ഐസിയുടെ ഐപിഒ നടപടികള്‍ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഇതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ മൂലധന വിപണിയുടെ നിയന്ത്രകരായ സെബി(SEBI)ക്ക് മുമ്പാകെ അപേക്ഷ സമര്‍പ്പിച്ചു. എല്‍ഐസിയുടെ എംബഡഡ് വാല്യൂ 5.4 ലക്ഷം കോടി രൂപയായാണ് കരട് അപേക്ഷ പത്രികയില്‍ കണക്കാക്കിയിരിക്കുന്നത്. എന്നാല്‍ കരട് അപേക്ഷയില്‍ കോര്‍പ്പറേഷന്റെ വിപണി മൂല്യം എത്രയെന്ന് വെളിപ്പെടുത്തിയിട്ടുമില്ല. എങ്കിലും പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കുറഞ്ഞത് 15 ലക്ഷം കോടി രൂപ മാര്‍ക്കറ്റ് കാപ്പിറ്റലൈസേഷനുള്ള കമ്പനിയാകുമെന്നാണ് വിലയിരുത്തല്‍.
അതേസമയം, എല്‍ഐസിയുടെ മാര്‍ക്കറ്റ് വാല്യൂ വെളിപ്പെടുത്തിയിട്ടില്ലാത്തതിനാല്‍ ഓഹരിയുടെ പ്രൈസ് ബാന്‍ഡും നിശ്ചയിച്ചിട്ടില്ല. ഇഷ്യൂവിന് മുമ്പ് വരെ പ്രൈസ് ബാന്‍ഡ് നിശ്ചയിക്കാനുള്ള സാവകാശമുണ്ട്. എന്നാല്‍, 100 ശതമാനവും കേന്ദ്രസര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എല്‍ഐസിയുടെ 31.6 കോടി ഓഹരികള്‍ അഥവാ 5 ശതമാനം പങ്കാളിത്തമാണ് ഐപിഒയിലൂടെ കൈമാറാന്‍ ഉദ്ദേശിക്കുന്നതെന്ന് അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതില്‍ 10 ശതമാനം ഓഹരികള്‍ പോളിസി ഉടമകള്‍ക്കായി നീക്കിവച്ചിട്ടുണ്ട്.
അതായത് 3.16 കോടി ഓഹരികള്‍ പോളിസി ഉടമകള്‍ക്കായി മാറ്റിവയക്കും. ഈ വിഭാഗത്തില്‍ ഓഹരിയുടെ ഇഷ്യൂ വിലയില്‍ നിന്നും 5 ശതമാനം വരെ ഡിസ്‌കൗണ്ട് നല്‍കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്. 'പോളിസി ഹോള്‍ഡേഴ്‌സ് പോര്‍ഷന്‍' മുഖേന ഐപിഒയില്‍ അപേക്ഷിക്കാനുള്ള അര്‍ഹത നേടാന്‍ പോളിസിയും പാന്‍ കാര്‍ഡും തമ്മില്‍ ഫെബ്രുവരി 28-ന് മുമ്പായി ബന്ധിപ്പിച്ചിരിക്കണം. അതേസമയം, ഐപിഒയില്‍ പങ്കെടുക്കുമ്പോള്‍ പോളിസി ഉടമകള്‍ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
ബിഡ്ഡിങ്- എല്‍ഐസിയുടെ ഐപിഒയില്‍ ഷെയര്‍ അനുവദിക്കുന്നത് ഡീമെറ്റീരിയലൈസ്ഡ് (ഡിജിറ്റല്‍) രൂപത്തിലാണ്. അതുകൊണ്ട് തന്നെ ഓഹരികള്‍ക്കായി അപേക്ഷിച്ചത് ലഭിച്ചാലും തുടര്‍ കൈകാര്യം ചെയ്യാന്‍ ഡീമാറ്റ് അക്കൗണ്ട് (Demat Account) അത്യാന്താപേക്ഷിതമാണ്. 'പോളിസ് ഹോള്‍ഡേഴ്‌സ് പോര്‍ഷന്‍' എന്ന ഓപ്ഷന്‍ മുഖേന പോളിസി ഉടമകള്‍ക്ക് ഓഹരികള്‍ക്കായി അസ്ബ (ASBA) വഴിയോ യുപിഐ (UPI) സംവിധാനം വഴിയോ 2 ലക്ഷം രൂപയ്ക്ക് വരെ അപേക്ഷിക്കാനാകും.
എന്‍ആര്‍ഐ- പ്രവാസി ഇന്ത്യക്കാര്‍ക്കും ഐപിഒയില്‍ പങ്കെടുക്കുന്നതിന് തടസമില്ല. എന്നാല്‍ 'പോളിസി ഹോള്‍ഡര്‍ റിസര്‍വേഷന്‍ പോര്‍ഷന്‍' മുഖേന ഡിസ്‌കൗണ്ട് ലഭിക്കാന്‍ അര്‍ഹതയില്ല. അതിനാല്‍ എല്‍ഐസി ഓഹരികള്‍ക്കായി 'റീട്ടെയില്‍' നിക്ഷേപകരുടെ വിഭാഗത്തിലൂടെ വേണം അപേക്ഷ സമര്‍പ്പിക്കേണ്ടത്.
ജോയിന്റ് ലൈഫ് പോളിസി- ഒരുമിച്ച് പോളിസി എടു്ത്തിട്ടുള്ളവരില്‍ ഒരാള്‍ക്ക് മാത്രം 'പോളിസി ഹോള്‍ഡര്‍ റിസര്‍വേഷന്‍ പോര്‍ഷന്‍' എന്ന ഓപ്ഷനിലൂടെ ഡിസ്‌കൗണ്ട് നിരക്കില്‍ ഓഹരി ലഭിക്കുന്നതിന് അപേക്ഷിക്കാന്‍ കഴിയൂ. ഇതിനായി പാന്‍ (PAN) നമ്പര്‍ പോളിസി രേഖകളില്‍ ചേര്‍ക്കണം. അതുപോലെ ഡീമാറ്റ് അക്കൗണ്ടും ഉണ്ടായിരിക്കണം. ഡീമാറ്റ് അക്കൗണ്ടും പങ്കാളിയുമായി ചേര്‍ന്ന് ജോയിന്റ് അക്കൗണ്ട് ആണെങ്കില്‍ അപേക്ഷിക്കുന്നയാള്‍ ആയിരിക്കണം അക്കൗണ്ടിലെ പ്രൈമറി ഹോള്‍ഡര്‍.
യോഗ്യതയുള്ള പോളിസി- കാലാവധി പൂര്‍ത്തിയാക്കിയത് (Maturity), നിര്‍ത്തലാക്കിയത് (Surrender), മരണപ്പെട്ട കേസുകളും ഒഴികെയുള്ള ബാക്കി എല്ലാ പോളിസി ഉടമകള്‍ക്കും ഡിസ്‌കൗണ്ട് നിരക്കിനായി അപേക്ഷിക്കാനാകും. എ്ന്നാല്‍ പോളിസികളിലെ നോമിനിക്ക് അര്‍ഹതയുണ്ടാകില്ല. അതുപോലെ മരണപ്പെട്ട പോളിസികളുടെ ആനുകൂല്യം (Annuity) കൈപ്പറ്റുന്നവര്‍ക്കും 'പോളിസി ഹോള്‍ഡര്‍ റിസര്‍വേഷന്‍ പോര്‍ഷന്‍'മുഖേന അപേക്ഷിക്കാനാകില്ല.
ജീവനക്കാര്‍- എല്‍ഐസിയുടെ ജീവനക്കാര്‍ക്കായി ഐപിഒയില്‍ പ്രത്യേക ഓപ്ഷനുണ്ട്. എങ്കിലും ജീവനക്കാരില്‍ പോളിസി എടുത്തിട്ടുള്ളവര്‍ക്ക് ഡിസ്‌കൗണ്ട് നിരക്കില്‍ അപേക്ഷിക്കാനാകും. അതായത്, പോളിസി എടുത്തിട്ടുള്ള ജീവനക്കാര്‍ക്ക് 3 രീയിതില്‍ അപേക്ഷിക്കാനാകും. എംപ്ലോയീ, പോളിസി ഹോള്‍ഡര്‍, റീട്ടെയില്‍ എന്നീ വിഭാഗങ്ങളിലൂടെ അപേക്ഷിക്കാനാകും.
പ്രായപൂര്‍ത്തിയകാത്ത കുട്ടികള്‍ക്കു വേണ്ടിയുള്ള പോളിസിയാണെങ്കില്‍ അതിലെ നിര്‍ദേശകന് (Proposer) 'പോളിസി ഹോള്‍ഡര്‍ റിസര്‍വേഷന്‍ പോര്‍ഷന്‍' മുഖേന ഓഹരി ഡിസ്‌കൗണ്ട് നിരക്കില്‍ ലഭിക്കുന്നതിന് അപേക്ഷിക്കാനാകും.
ലോക്ക്-ഇന്‍-പീരിയഡ്:- പോളിസി ഉടമകള്‍ക്ക് ഓഹരി ലഭിച്ചാല്‍, ലിസ്റ്റിങ്ങിന് ശേഷം എപ്പോള്‍ വേണമെങ്കിലും വില്‍ക്കനാകും. ഒരു തരത്തിലുമുള്ള ലോക്ക്-ഇന്‍-പീരിയഡ് നിബന്ധനകള്‍ ഈ വിഭാഗത്തിനില്ല.