ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം പേടിഎമ്മിന്റെ ഉടമകളായ വണ്‍97കമ്യൂണിക്കേഷന്‍സ്‌ ലിമിറ്റഡിന്റെ ഓഹരി വില ഒരു മാസത്തിനിടെ ഇടിഞ്ഞത്‌ 32 ശതമാനം. ഇന്ന്‌ എന്‍എസ്‌ഇയില്‍ പേടിഎമ്മിന്റെ വില 547.35 രൂപ എന്ന പുതിയ താഴ്‌ന്ന നിലവാരം രേഖപ്പെടുത്തി. 

ലിസ്റ്റ്‌ ചെയ്‌തതിനു ശേഷം പേടിഎം രേഖപ്പെടുത്തിയ ഉയര്‍ന്ന വില 1961.05 രൂപയാണ്‌. ഇഷ്യു വിലയായ 2150 രൂപയിലേക്ക്‌ ഈ ഓഹരി ലിസ്റ്റിംഗിനു ശേഷം എത്തിയിരുന്നില്ല. ഇഷ്യു വിലയില്‍ നിന്നും 74 ശതമാനം താഴെയായാണ്‌ ഓഹരി ഇപ്പോള്‍ വ്യാപാരം ചെയ്യുന്നത്‌. 

ആഗോള ബ്രോക്കറേജ്‌ ആയ മക്വാറി പേടിഎമ്മിന്റെ വില ഇടിവ്‌ തുടരുമെന്നാണ്‌ പ്രവചിക്കുന്നത്‌. ഈ ഓഹരിയുടെ പ്രതീക്ഷിത വില 700 രൂപയില്‍ നിന്ന്‌ 450 രൂപയായി മക്വാറി വെട്ടിക്കുറച്ചിരുന്നു. മക്വാറി തുടര്‍ച്ചയായി പേടിഎമ്മിന്റെ പ്രതീക്ഷിത വില വെട്ടിക്കുറയ്‌ക്കുകയാണ്‌ ചെയ്‌തത്‌. മക്വാറി പേടിഎം 1200 രൂപ വരെ ഇടിയാന്‍ സാധ്യതയുണ്ടെന്ന നിഗമനമാണ്‌ ആദ്യം മുന്നോട്ടുവെച്ചിരുന്നത്‌. പിന്നീട്‌ പ്രതീക്ഷിതവില 900 രൂപയായും അതിനു ശേഷം 700 രൂപയായും വെട്ടിക്കുറച്ചു. മക്വാറിയുടെ ഡൗണ്‍ഗ്രേഡിംഗിന്റെ പ്രതിഫലനമെന്ന പോലെ ഓഹരി വില കനത്ത ഇടിവ്‌ നേരിടുകയും ചെയ്‌തു. 

പേടിഎമ്മിന്റെ ഐടി സംവിധാനം കര്‍ശനമായ പരിശോധനയ്‌ക്ക്‌ വിധേയമാക്കണമെന്നാണ്‌ ആര്‍ബിഐ ആവശ്യപ്പെട്ടിരിക്കുന്നത്‌. ഐടി സംവിധാനത്തിലെ പോരായ്‌മകള്‍ മൂലമാണ്‌ പുതിയ ഉഭോക്താക്കളെ ചേര്‍ക്കുന്നതില്‍ നിന്നും പേടിഎമ്മിനെ റിസര്‍വ്‌ ബാങ്ക്‌ വിലക്കിയത്‌. സ്‌മോള്‍ ഫിനാന്‍സ്‌ ബാങ്ക്‌ ആരംഭിക്കുക എന്ന പേടിഎമ്മിന്റെ ലക്ഷ്യത്തിന്‌ വിലങ്ങുതടിയായി മാറിയിരിക്കുകയാണ്‌ റിസര്‍വ്‌ ബാങ്കിന്റെ ഇടപെടല്‍. ഒരു ഐടി ഓഡിറ്റ്‌ കമ്പനിയെ കൊണ്ട്‌ പേടിഎമ്മിന്റെ മുഴുവന്‍ ഐടി സംവിധാനവും പരിശോധിപ്പിക്കാനാണ്‌ റിസര്‍വ്‌ ബാങ്കിന്റെ നിര്‍ദേശം. അതേ സമയം റിസര്‍വ്‌ ബാങ്കിന്റെ ഇടപെടല്‍ നിലവിലുള്ള ഉപഭോഗ്‌തൃ അടിത്തറയെ ഒരു തരത്തിലും ബാധിക്കില്ലെന്നാണ്‌ പേടിഎം മാനേജ്‌മെന്റ്‌ പറയുന്നത്‌.

Livenewage