ബെംഗളൂരു: 2022 തുടങ്ങി രണ്ട് മാസത്തിനുള്ളില്‍ യുണീകോണ്‍ ക്ലബ്ബിലേക്ക് പത്താമത്തെ സ്റ്റാര്‍ട്ടപ്പും. ബെംഗളൂരുവും സാന്‍ഫ്രാന്‍സിസ്‌കോയും ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഹസുരയാണ് രാജ്യത്തെ ഏറ്റവും പുതിയ യുണീകോണ്‍. സോഫ്റ്റ് വെയര്‍ സേവനങ്ങള്‍ നല്‍കുന്ന സ്റ്റാര്‍ട്ടപ്പാണ് ഹസുര. ഏറ്റവും പുതിയ ഫണ്ടിംഗിലൂടെ 100 മില്യണ്‍ സമാഹരിച്ചതോടെ കമ്പനിയുടെ മൂല്യം 1 ബില്യണ്‍ ഡോളറിലെത്തി.
രജോഷി ഗോഷ്, തന്‍മയി ഗോപാല്‍ എന്നിവര്‍ ചേര്‍ന്ന് 2017ല്‍ ആരംഭിച്ച കമ്പനിയാണ് ഹസുര. സ്ഥാപനങ്ങളുടെ വെബ് ആപ്ലിക്കേഷനുകള്‍ വേഗത്തിലാക്കുന്നതിനുള്ള സേവനങ്ങളാണ് ഹസുര നല്‍കുന്നത്. വാള്‍മാര്‍ട്ട്, എയര്‍ബസ്, സ്വിഗ്ഗി ഉള്‍പ്പടെയുള്ള കമ്പനികള്‍ ഹസുരയുടെ ഉപഭോക്താക്കളാണ്. ഇതുവരെ 400 മില്യണിലധികം ഡൗണ്‍ലോഡുകളാണ് ഹസുര അവതരിപ്പിച്ച സൊല്യൂഷന്‍ നേടിയത്. ഫണ്ടിംഗിലൂടെ ലഭിച്ച തുക ഉപയോഗിച്ച് ആഗോളതലത്തില്‍ സേവനങ്ങള്‍ വികസിപ്പിക്കുകയാണ് ഹസുരയുടെ ലക്ഷ്യം.
2021 ൽ 46 യുണീകോണുകൾ എന്ന ഇന്ത്യൻ സ്റ്റാർട്ടപ്പ് മേഖലയുടെ നേട്ടം ഈ വര്‍ഷം ആദ്യ പകുതിയില്‍ തന്നെ മറികടക്കുമെന്ന സൂചനകളാണ് ലഭിക്കുന്നത്.
Livenewage