ന്യൂഡൽഹി: രാജ്യത്ത് തദ്ദേശീയ നിർമാണം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഉത്പാദനാധിഷ്ഠിത ധനസഹായ പദ്ധതിയുടെ (പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് സ്‌കീം) ഗുണഭോക്താക്കളാകാൻ 20 വൻകിട കമ്പനികൾക്ക് അനുമതി. ഹ്യുണ്ടായി, സുസുക്കി, കിയ, മഹീന്ദ്ര, ഫോർഡ്, ടാറ്റാ മോട്ടോഴ്സ്, ബജാജ്, ഹീറോ, ടിവിഎസ്, ഹോപ് ഇലക്‌ട്രിക്, ഒല ഇലക്‌ട്രിക് എന്നിവ ഉൾപ്പെടെ 20 കമ്പനികൾക്കാണ് അനുമതി ലഭിച്ചത്. ചാമ്പ്യൻ ഒഇഎം വിഭാഗത്തിലാണ് ഈ കമ്പനികളെ ഉൾപ്പെടുത്തിയിരിക്കുന്നത്.
അനുമതി ലഭിച്ച കമ്പനികൾ ആകെ 45,016 കോടി രൂപയുടെ നിക്ഷേപ പദ്ധതികളാണു പ്രഖ്യാപിച്ചിരിക്കുന്നതെന്നു കേന്ദ്രസർക്കാർ അറിയിച്ചു. വാഹനഘടക നിർമാണ വിഭാഗത്തിൽ അനുമതി ലഭിച്ച കമ്പനികളുടെ വിവരങ്ങളും വൈകാതെ സർക്കാർ പുറത്തുവിടും. ഈ വിഭാഗത്തിൽ 92 കമ്പനികളാണ് അപേക്ഷ നൽകിയിരിക്കുന്നത്. ഏപ്രിൽ ഒന്ന് മുതൽ അഞ്ചു വർഷത്തേക്കു തദ്ദേശീയമായി നിർമിക്കുന്ന അഡ്വാൻസ്ഡ് ഓട്ടോമോട്ടീവ് ടെക്നോളജി അധിഷ്ഠിത വാഹനങ്ങൾക്കും വാഹന ഘടകങ്ങൾക്കുമാണു പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക.
നേരത്തെ, ഇന്ത്യ വിടുകയാണെന്നറിയിച്ച ഫോർഡും പിഎൽഐ സ്‌കീമിന്റെ ഗുണഭോക്താവായിക്കഴിഞ്ഞു. ഇന്ത്യയിൽ വൈദ്യുതവാഹനങ്ങൾ നിർമിച്ച് മറ്റു രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യാനാണു കമ്പനിയുടെ പദ്ധതി.
Source : Livenewage