ന്യൂഡൽഹി: വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വിജയ് മല്യ, നിരവ് മോദി, മെഹുല്‍ ചോക്സി എന്നിവരിൽ നിന്ന് ഇതുവരെ  18000 കോടി രൂപയോളം ബാങ്കുകള്‍ക്ക് തിരികെ ലഭിച്ചതായി കേന്ദ്ര സര്‍ക്കാര്‍. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചത്. അതേസമയം സുപ്രീം കോടതിയുടെ പരിഗണനയിലുള്ള കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമവുമായി ബന്ധപ്പെട്ട വിവിധ കേസുകളില്‍ ഉള്‍പ്പെട്ടിരിക്കുന്നത് 67000 കോടി രൂപയാണെന്നും കേന്ദ്രം സുപ്രീം കോടതിയില്‍ വ്യക്തമാക്കി.

കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് നിലവില്‍ 4700 കേസ്സുകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുകയാണ്. ഓരോ വര്‍ഷവും കേസുകളുടെ എണ്ണം വര്‍ധിക്കുകയാണ്. 2015-16ല്‍ 111 കേസുകളാണ് രജിസ്റ്റര്‍ ചെയ്തതെങ്കില്‍, 2020-21ല്‍ 981 കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.

കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിന്റെ അടിസ്ഥാനത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ നടത്തുന്ന അന്വേഷണം, വസ്തുക്കളും ആസ്തികളും കണ്ടുകെട്ടല്‍ എന്നിവയിലെ അധികാരം സംബന്ധിച്ച വിവിധ കേസ്സുകള്‍ പരിഗണിക്കവെയാണ് കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ ഈ കണക്കുകള്‍ സുപ്രീംകോടതിയില്‍ വിശദീകരിച്ചത്.

Source : Livenewage