ഹൈദരാബാദ്: ചെംവേദ ലൈഫ് സയൻസസ് ഹൈദരാബാദിലെ തങ്ങളുടെ പ്രവർത്തനം വികസിപ്പിക്കുന്നതിനായി 150 കോടി രൂപ നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചു. തെലങ്കാന വ്യവസായ മന്ത്രി കെ.ടി. രാമറാവു തിങ്കളാഴ്ച കമ്പനി മേധാവികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനു പിന്നാലെയാണ് ഈ പ്രഖ്യാപനം.
ഹൈദ്രാബാദും സാൻ ഡിയാഗോയും ആസ്ഥാനമായുള്ള ഇടത്തരം കരാർ ഗവേഷണ സ്ഥാപനമാണ് ചെംവേദ ലൈഫ് സയൻസസ്, ഇത് അക്കാദമിയോടൊപ്പം ഫാർമസ്യൂട്ടിക്കൽ, ബയോടെക്നോളജി, അഗ്രോകെമിക്കൽ തുടങ്ങിയ വ്യവസായങ്ങൾക്ക് പരിഹാരങ്ങൾ വാഗ്ദാനം ചെയുന്നു. കൂടാതെ കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ രണ്ട് ഗവേഷണ-വികസന സൈറ്റുകൾ, എട്ട് ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന നിർമ്മാണ സൗകര്യം എന്നിവയുമായി ചെംവേദ ലൈഫ് സയൻസസ് വികസിച്ചു. നിലവിൽ 450-ലധികം ജീവനക്കാർ ഇവിടെ പ്രവർത്തിക്കുന്നു. ഇതിനോടൊപ്പമാണ് ഇപ്പോൾ ഹൈദരാബാദിൽ അത്യാധുനിക ഗവേഷണ-വികസന കേന്ദ്രം നിർമിക്കാൻ 150 കോടി നിക്ഷേപിക്കാൻ ഒരുങ്ങുന്നത്, ഇത് 500 ശാസ്ത്രജ്ഞർക്ക് അധിക തൊഴിൽ സൃഷ്ടിക്കാൻ വഴി ഒരുക്കും.
"ഫാർമ, ബയോടെക് കമ്പനികൾക്ക് കരാർ ഗവേഷണ പിന്തുണ തേടാൻ ഏറ്റവും ഇഷ്ടപ്പെട്ട ആഗോള ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് ഹൈദരാബാദ്. ലൈഫ് സയൻസസ് ഗവേഷണ-വികസനത്തിന് ഏറ്റവും ചെലവ് കുറഞ്ഞ മത്സരാധിഷ്ഠിതവും വിപുലവുമായ ആവാസവ്യവസ്ഥയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്" എന്ന് ചെംവേദ ലൈഫ് സയൻസസ് പ്രസിഡന്റും സിഇഒയുമായ ഭീമ റാമോ പരസെല്ലി പറഞ്ഞു