മുംബൈ: ക്വിക്ക് കൊമേഴ്‌സ് സ്റ്റാര്‍ട്ട്അപ്പ് ബ്ലിങ്കിറ്റിന് ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാട്ടോ 75-100 മില്ല്യണ്‍ ഡോളര്‍ വായ്പ നല്‍കും. ബാധ്യത തീര്‍ക്കാനാണ്  ബ്ലിന്‍കിറ്റ് ഈ തുക വിനിയോഗിക്കുക. നേരത്തേ ഗ്രോഫേഴ്‌സ് എന്നറിയപ്പെട്ടിരുന്ന ബ്ലിന്‍കിറ്റില്‍ സൊമോട്ടോയ്ക്ക് 100 മില്ല്യണ്‍ ഡോളര്‍ നിക്ഷേപമുണ്ട്.

ഉപഭോക്താക്കള്‍ക്ക് 10 മുതല്‍ 30 മിനിറ്റിനുള്ളില്‍ സാധനങ്ങളും സേവനങ്ങളുമെത്തിക്കുന്ന മത്സരാധിഷ്ഠിതമായ ക്വിക്ക് കൊമേഴ്‌സ് മേഖലയിലാണ് ബ്ലിന്‍കറ്റ് പ്രവര്‍ത്തിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കമ്പനി നേരത്തെ തൊഴിലാളികളെ പിരിച്ചുവിടുകയും സ്റ്റോറുകള്‍ അടച്ചുപൂട്ടുകയും ചെയ്തിരുന്നു. ബ്ലിന്കിറ്റില്‍ സൊമോട്ടോ 500 മില്ല്യണ്‍ ഡോളര്‍ നിക്ഷേപിക്കാനൊരുങ്ങിയെങ്കിലും വിപണിയില്‍ പ്രതിസന്ധി രൂക്ഷമായതോടെ ഇടപാട് നടന്നില്ല.

ഇപ്പോള്‍ 100 മില്ല്യണ്‍ ഡോളര്‍ വായ്പ നല്‍കിയതിലൂടെ ബ്ലിന്‍കിറ്റ് ഏറ്റെടുക്കാനുള്ള ആദ്യ ചുവടുവെപ്പ് നടത്തിയിരിക്കയാണ് സൊമോട്ടോ.