സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്‍ഷുറന്‍സ് ഭീമനായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എല്‍.ഐ.സി) ഓഹരി വില്‍പ്പനയ്ക്കുള്ള കരട് പേപ്പറുകള്‍ ഞായറാഴ്ച റെഗുലേറ്റര്‍ക്കു സമര്‍പ്പിച്ചു കഴിഞ്ഞു. മാര്‍ച്ചില്‍ തന്നെ ഐ.പി.ഒ. ഉണ്ടാകുമെന്നു ഇതോടെ ഉറപ്പായി. 5.39 ലക്ഷം കോടി രൂപയാണ് (72 ബില്യണ്‍ ഡോളര്‍) മൂല്യം കണക്കാക്കിയിരിക്കുന്നത്.
ഐ.പി.ഒ. പേപ്പറുകള്‍ക്കു മുമ്പ് 65 വര്‍ഷം പഴക്കമുള്ള സ്ഥാപനത്തിന്റെ സാമ്പത്തിക കാര്യങ്ങള്‍ പൊതുജനത്തിനു വ്യക്തമായിരുന്നില്ല. നിക്ഷേപ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഐ.പി.ഒ ആണ് എല്‍.ഐ.സിയുടേത്. അതുകൊണ്ട് ആവശ്യക്കാര്‍ കുറയില്ല. അതേസമയം നിക്ഷേപകര്‍ അറിഞ്ഞിരിക്കേണ്ട നാലു പ്രധാന കാര്യങ്ങളാണു താഴെ പറയുന്നത്. ഇതില്‍ കോര്‍പ്പറേഷന്റെ അപകട സാധ്യതയും ഉള്‍പ്പെടുന്നു.
മാനേജ്‌മെന്റിന് കീഴിലുള്ള ആസ്തികള്‍
2021 സെപ്റ്റംബര്‍ 30 വരെ എല്‍.ഐ.സിയുടെ മാനേജ്മെന്റിന് കീഴിലുള്ള ആസ്തി (എ.യു.എം) 39.56 ലക്ഷം കോടി രൂപയാണ്. ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയിലെ എല്ലാ സ്വകാര്യ ലൈഫ് ഇന്‍ഷുറര്‍മാരുടെയും മൊത്തം എ.യു.എമ്മിന്റെ മൂന്നിരട്ടിയിലധികമാണിത്. ഏറ്റവും വലിയ ആഭ്യന്തര സ്ഥാപന നിക്ഷേപകരായ എല്‍.ഐ.സി, എ.യു.എമ്മിന്റെ 25% ഓഹരികളില്‍ നിക്ഷേപിച്ചിട്ടുണ്ട്.
മത്സരം
ഇന്ത്യൻ ഇന്‍ഷുറന്‍സ് മേഖലയിലെ അതികായനാണ്. സ്വകാര്യ മത്സരം ചൂടുപിടിക്കുമ്പോഴും വിപണി വിഹിതം 66% നിലനിര്‍ത്താന്‍ എല്‍.ഐ.സിക്കു കഴിഞ്ഞു. എന്നാല്‍ മറ്റ് ചില എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ പുതിയ ബിസിനസ് കുറഞ്ഞ വേഗത്തിലാണ് വളരുന്നത്.
2021 മാര്‍ച്ചില്‍ അവസാനിച്ച വര്‍ഷത്തില്‍, എസ്.ബി.ഐ. ലൈഫ് 24 ശതമാനവും, എച്ച്.ഡി.എഫ്.സി. ലൈഫ് 18 ശതമാനവും പ്രീമിയം വളര്‍ച്ച കൈവരിച്ചപ്പോള്‍ എല്‍.ഐ.സിയുടെ മൊത്തം എഴുതിയ പ്രീമിയം 6.30 ശതമാനമാണു വര്‍ധിച്ചത്. എല്‍.ഐ.സിയുടെ പുതിയ ബിസിനസ് മാര്‍ജിന്‍ 9.90% ആയിരുന്നു. അതേസമയം എസ്.ബി.ഐ. ലൈഫിന്റെ മാര്‍ജിന്‍ 20 ശതമാനവും, എച്ച്.ഡി.എഫ്.സി. ലൈഫിന്റേത് 26.10 ശതമാനവുമാണ്.
പോളിസി ഉടമകളും ഏജന്റുമാരും
എല്‍.ഐ.സിക്ക് 283 ദശലക്ഷം പോളിസി ഉടമകളും 1.35 ദശലക്ഷം രജിസ്റ്റര്‍ ചെയ്ത ഏജന്റുമാരുള്ള രാജ്യത്തെ ഏറ്റവും വലിയ ഏജന്റ് നെറ്റ് വർക്കുമുണ്ട്. ഐ.പി.ഒയില്‍, ഓഫര്‍ വലുപ്പത്തിന്റെ 10 ശതമാനത്തില്‍ കവിയാത്ത ഒരു നിശ്ചിത ശതമാനം ഷെയറുകള്‍ കമ്പനി പോളിസി ഹോള്‍ഡര്‍മാര്‍ക്കായി നീക്കിവയ്ക്കും, അതേസമയം ജീവനക്കാര്‍ക്കായി നീക്കിവച്ചിരിക്കുന്ന ഭാഗം പോസ്റ്റ്- ഓഫര്‍ ഇക്വിറ്റി ഷെയര്‍ ക്യാപിറ്റലിന്റെ അഞ്ചു ശതമാനത്തില്‍ കൂടില്ല.
2021 മാര്‍ച്ച് അവസാനം വരെ എല്‍.ഐ.സി 114,498 പേര്‍ക്ക് ജോലി നല്‍കി. ഐ.പി.ഒയില്‍ നിക്ഷേപം നടത്താന്‍ പോളിസി ഉടമകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഏജന്റുമാരെ നിയോഗിച്ചിട്ടുണ്ട്. ആദ്യമായി വിപണിയിലെത്തുന്നവര്‍ക്ക് ഡീമാറ്റ് അക്കൗണ്ട് തുറക്കാനുള്ള സഹായവും നല്‍കുന്നുണ്ട്.
അപകടസാധ്യതകളും റിപ്പോര്‍ട്ടില്‍
ഡ്രാഫ്റ്റ് പ്രോസ്പെക്റ്റസില്‍ ഇന്‍ഷുറന്‍സ് ഭീമന്‍ ചില അപകടസാധ്യതകളും വ്യക്തമാക്കുന്നുണ്ട്. ഭാവിയില്‍ കമ്പനിക്കു അധിക മൂലധനം ആവശ്യമായി വന്നേക്കാമെന്നു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. സ്വീകാര്യമായ വ്യവസ്ഥകളിലും മറ്റും മൂലധനം ശേഖരിക്കാനാകുമെന്ന് കമ്പനി ഉറപ്പുനല്‍കുന്നില്ല.
ഫയലിങ് അനുസരിച്ച് എല്‍.ഐ.സിക്ക് ഐ.ഡി.ബി.ഐ. ബാങ്കില്‍ അധിക മൂലധനം പമ്പ് ചെയ്യേണ്ടി വന്നേക്കാം, ഇത് അതിന്റെ ബാലന്‍സ് ഷീറ്റിനെ കൂടുതല്‍ പരുങ്ങലിലേക്കു നയിക്കാം. സ്വകാര്യ മത്സരങ്ങളെ തുടര്‍ന്നു വിപണി കുത്തനെ ഇടിയുന്നതും വെല്ലുവിളിയാണ്.
Source : Live new age