കൊച്ചി: ബാബാ രാംദേവ് നയിക്കുന്ന പതഞ്ജലിക്ക് കീഴിലെ എഡിബിൾ ഓയിൽ കമ്പനിയായ രുചി സോയയുടെ ഫോളോഓൺ ഓഹരി വില്പന (എഫ്.പി.ഒ) ഈ മാസാവസാനം ഉണ്ടായേക്കും. ഓഹരി വിപണിയിൽ നേരത്തെ തന്നെ ലിസ്‌റ്റ് ചെയ്യപ്പെട്ട കമ്പനിയാണ് രുചി സോയ.

ലിസ്‌റ്റഡ് കമ്പനികൾ കുറഞ്ഞത് 25 ശതമാനം പൊതു ഓഹരി പങ്കാളിത്തം ഉറപ്പാക്കണമെന്ന സെബിയുടെ ചട്ടം പാലിക്കുന്നതിന്റെ ഭാഗമായാണ് കൂടുതൽ ഓഹരികൾ എഫ്.പി.ഒയിലൂടെ വിറ്റഴിക്കുന്നത്. എഫ്.പി.ഒ വഴി 4,300 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. എഫ്.പി.ഒയ്ക്ക് കഴിഞ്ഞ ആഗസ്‌റ്റിൽ സെബിയുടെ അനുമതി ലഭിച്ചിരുന്നു. കഴിഞ്ഞ ജൂണിലാണ് ഇതിനുള്ള അപേക്ഷ (ഡി.ആ‌ർ.എച്ച്.പി) സമർപ്പിച്ചിരുന്നത്.

2019ലാണ് രുചി സോയയെ പതഞ്ജലി സ്വന്തമാക്കിയത്. നിലവിൽ കമ്പനിയുടെ 99 ശതമാനം ഓഹരികളും പ്രമോർട്ടർമാരുടെ പക്കലാണ്. മൂന്നുവർഷത്തിനകം ഇത് 75 ശതമാനമായി കുറയ്ക്കാനാണ് നടപടികൾ.

Source : Livenewage