മുംബൈ: മ്യൂച്വല്‍ ഫണ്ടുകളുടെ എസ്‌ഐപി അക്കൗണ്ടുകളിലെ ആസ്‌തി റെക്കോഡ്‌ നിലവാരത്തിലെത്തി. ജനുവരിയിലെ എസ്‌ഐപി അക്കൗണ്ടുകളിലെ ആസ്‌തി 5.8 ലക്ഷം കോടി രൂപയാണ്‌. തുടര്‍ച്ചയായ അഞ്ചാമത്തെ മാസവും 10,000 കോടിയിലേറെയാണ്‌ എസ്‌ഐപി അക്കൗണ്ടുകളില്‍ നിക്ഷേപമായെത്തിയത്‌. മ്യൂച്വല്‍ ഫണ്ടുകളുടെ മൊത്തം ആസ്‌തിയില്‍ 15.2 ശതമാനവും സംഭാവന ചെയ്യുന്നത്‌ എസ്‌ഐപി അക്കൗണ്ടുകളാണ്‌.

ഓഹരി വിപണിയിലെ തിരുത്തല്‍ മൂലം രാജ്യത്തെ കമ്പനികളുടെ വിപണിമൂല്യം അഞ്ച്‌ ശതമാനം ഇടിഞ്ഞെങ്കിലും ചെറുകിട നിക്ഷേപകരുടെ വര്‍ധിതമായ പങ്കാളിത്തം മ്യൂച്വല്‍ ഫണ്ടുകളുടെ ആസ്‌തി ഉയരുന്നതിനാണ്‌ വഴിവെച്ചത്‌. ജനുവരിയില്‍ എസ്‌ഐപി വഴി 11,516 കോടി രൂപയാണ്‌ നിക്ഷേപിക്കപ്പെട്ടത്‌. നടപ്പു സാമ്പത്തിക വര്‍ഷം ആദ്യത്തെ 10 മാസത്തിനുള്ളില്‍ ഒരു ലക്ഷം കോടിയിലേറെയാണ്‌ എസ്‌ഐപി വഴി മ്യൂച്വല്‍ ഫണ്ടുകളിലെത്തിയത്‌. അതേ സമയം മുന്‍വര്‍ഷം സമാന കാലയളവില്‍ 79,370 കോടി രൂപയായിരുന്നു നിക്ഷേപിക്കപ്പെട്ടത്‌.

ഇക്വിറ്റി, ബാലന്‍സ്‌ഡ്‌, ഇടിഎഫ്‌ ഫണ്ടുകളുടെ മൊത്തം ആസ്‌തി 19.9 ലക്ഷം കോടി രൂപയാണ്‌. 2021 ഏപ്രില്‍ മുതല്‍ 2022 ജനുവരി വരെ ഇക്വിറ്റി, ബാലന്‍സ്‌ഡ്‌, ഇടിഎഫ്‌ ഫണ്ടുകളില്‍ നിക്ഷേപിക്കപ്പെട്ടത്‌ 2.1 ലക്ഷം കോടിയാണ്‌.

Source : LIvenewage