ന്യൂഡല്‍ഹി: പബ്ലിക് ഓഫറിംഗിന് തയ്യാറെടുക്കുന്ന ഓയോ തങ്ങളുടെ ഇന്ത്യ ഓപ്പറേഷന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായി അങ്കിത് ഗുപ്തയെ നിയമിച്ചു. നിലവിലെ സിഇഒ രോഹിത് കപൂറിനെ ഗ്ലോബല്‍ മാര്‍ക്കറ്റിംഗ് തലവനായും നിയമിച്ചിട്ടുണ്ട്.

ഓയോയുടെ ഇന്ത്യയിലെ ഹോട്ടല്‍, ഹോംസ് ഓപ്പറേഷന്‍സ് നിയന്ത്രിക്കുന്നത് നിലവില്‍ അങ്കിത് ഗുപ്ത തന്നെയാണ്. സിഇഒ ആയി ചുമതലയേല്‍ക്കുന്നതോടെ പുതിയതായി കൂട്ടിച്ചേര്‍ക്കുന്ന ഓഫീസ് വിഭാഗത്തിന്റെ ചുമതലകൂടി അദ്ദേഹത്തില്‍ വന്നുചേരും. അതേസമയം രോഹിത് കപൂര്‍ നിലവലില്‍ ഇന്ത്യ. വടക്കുപടിഞ്ഞാറന്‍ ഏഷ്യ എന്നീ മേഖലകളുടെ സിഇഒ ആയി പ്രവര്‍ത്തിക്കുകയാണ്.  കമ്പനിയുടെ വടക്കുകിഴക്കന്‍ ഏഷ്യ ചുമതല അങ്കിത് ടാന്‍ഡനു നല്‍കിയിട്ടുണ്ട്. നിലവില്‍ കമ്പനിയുടെ ഗ്ലോബല്‍ ചീഫ് ബിസിനസ് ഓഫീസറാണ് ടന്‍ഡന്‍. ഇനി അദ്ദേഹത്തിന്റെ ചുമതല പ്രധാനമായും ഇന്തോനേഷ്യ, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ കേന്ദ്രീകരിക്കും.

നേതൃസ്ഥാനങ്ങള്‍ കൈമാറിയ മൂന്നുപേരും സ്ഥാപകന്‍ റിതേഷ് അഗര്‍വാളിന്റെ കീഴില്‍ പ്രവര്‍ത്തിക്കുമെന്ന് കമ്പനി അറിയിച്ചു.

തങ്ങളുടെ 1.2 ബില്ല്യണ്‍ ഡോളര്‍ ഐ.പി.ഒ വൈകുന്ന സാഹചര്യത്തിലാണ് കമ്പനി മാനേജ്‌മെന്റില്‍ അഴിച്ചുപണി നടത്തിയിട്ടുള്ളത്. ബ്ലൂംബെര്‍ഗിന്റെ റിപ്പോര്‍ട്ടനുസരിച്ച് കമ്പനി തങ്ങളുടെ ഐപിഒ മൂല്യം കുറക്കാനുള്ള പദ്ധതിയുമായി മുന്നോട്ടുപോകുകയാണ്. വിപണി ഇടിഞ്ഞതിനെതുടര്‍ന്നാണ് കമ്പനി ഐപിഒ മൂല്യം കുറയ്ക്കുന്നത്.

Source livenewage