ന്യൂഡല്‍ഹി: ഡിസംബറില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തിന്റെ ഫലങ്ങള്‍ പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ സെബിയുടെ ഉത്തരവിനെതിരെ സെക്യൂരിറ്റീസ് അപ്പലേറ്റ് ട്രൈബ്യൂണലിനെ (എസ്എടി) സമീപിക്കുമെന്ന് ഡിഷ് ടിവി. ഡിംസബര്‍ 30 ന് നടന്ന യോഗത്തിലെ ഫലങ്ങള്‍ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിഞ്ഞ തിങ്കളാഴ്ച പുറത്തിറക്കിയ ഇടക്കാല ഉത്തരവില്‍ സെബി നിര്‍ദ്ദേശിച്ചിരുന്നു. കൂടാതെ, വാര്‍ഷിക ഫലം പ്രസിദ്ധീകരിക്കുന്നത് വരെ ഡിഷ് ടിവിയുടെ ഡയറക്ടര്‍മാരുടെയും കംപ്ലയന്‍സ് ഓഫീസര്‍മാരുടെയും ഡീമാറ്റ് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ റെഗുലേറ്റര്‍ ഡിപ്പോസിറ്ററികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. കമ്പനിക്കും ഡയറക്ടര്‍മാര്‍ക്കും സെബി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.
വാര്‍ഷിക പൊതുയോഗത്തില്‍ അവതരിപ്പിച്ച വിവിധ നിര്‍ദ്ദേശങ്ങളുടെ ഫലങ്ങള്‍ ഡിഷ് ടിവി തടഞ്ഞുവച്ചെന്നാപരോപിച്ച് യെസ് ബാങ്ക് ലിമിറ്റഡ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, മറ്റ് ഓഹരി ഉടമകള്‍ എന്നിവരില്‍ നിന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് സെബിയുടെ ഉത്തരവ്. എന്നാല്‍ ഇതിനെതിരെ എസ്എടിയില്‍ അപ്പീല്‍ സമര്‍പ്പിക്കുമെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. സെബിയുടെ ഇടക്കാല ഉത്തരവില്‍, 24 മണിക്കൂറിനുള്ളില്‍ രണ്ട് എക്‌സ്‌ചേഞ്ചുകള്‍ക്കും വാര്‍ഷിക പൊതുയോഗത്തിന്റെ വോട്ടിംഗ് ഫലങ്ങള്‍ വെളിപ്പെടുത്തണം. ഒപ്പം, 2015 ലെ സെബിയുടെ എല്‍ഒഡിആര്‍ (ലിസ്റ്റിംഗ് ബാധ്യതയും വെളിപ്പെടുത്തല്‍ ആവശ്യകതകളും) റെഗുലേഷനുകള്‍ പാലിക്കുന്നുണ്ടെന്ന് ഡിഷ് ടിവിയുടെ കംപ്ലയന്‍സ് ഓഫീസര്‍ രഞ്ജിത് സിംഗ് പരിശോധിക്കണെന്നാണ് സെബി നിര്‍ദ്ദേശം മുന്നോട്ട് വച്ചത്.
കമ്പനിയുടെ കൊടുത്തു തീര്‍ത്ത ഓഹരി മൂലധനത്തിന്റെ 24.78 യഥാക്രമം 24.78 ശതമാനവും 3.78 ശതമാനവും കൈവശം വച്ചിരിക്കുന്ന ഏറ്റവും വലിയ ഓഹരി ഉടമകളാണ് യെസ് ബാങ്കും ഇന്‍ഡസ്ഇന്‍ഡ് ബാങ്കും. 2021 ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ പ്രൊമോട്ടര്‍മാര്‍ സ്ഥാപനത്തില്‍ ഏകദേശം ആറ് ശതമാനം ഓഹരികള്‍ കൈവശം വച്ചിരുന്നു. വോട്ടിംഗ് ഫലം പ്രഖ്യാപിക്കുന്നതില്‍ കമ്പനിക്ക് ബോംബെ ഹൈക്കോടതി ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന ചൂണ്ടിക്കാട്ടിയ സെബി എസ്സല്‍ ഗ്രൂപ്പിന്റെ ഭാഗമായ ഡിഷ് ടിവി വാര്‍ഷിക ഫലങ്ങള്‍ വെളിപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടുവെന്നും വിമര്‍ശിച്ചു.
Source : Livenewage