മുംബൈ: ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗി വന്‍ പബ്ലിക്ക് ഓഫറിംഗിന് ഒരുങ്ങുന്നു. ദക്ഷിണാഫ്രിക്കന്‍ ഇന്റര്‍നെറ്റ് ഭീമന്‍ നാസ്‌പേഴ്‌സിന്റെയും ജപ്പാനീസ് സോഫ്റ്റ്ബാങ്കിന്റെയും പിന്തുണയോടുകൂടി പ്രവര്‍ത്തിക്കുന്ന കമ്പനി 1 ബില്ല്യണ്‍ ഡോളര്‍ വിപണിയില്‍ നിന്നും സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. സ്വിഗ്ഗിയുടെ ഐപിഒ നടപടികള്‍ നിയന്ത്രിക്കുക ഐസിഐസിഐ സെക്യൂരിറ്റീസും ജെപി മോര്‍ഗനുമായിരിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.
ഐപിഒയുമായി ബന്ധപ്പെട്ട് പ്രാഥമിക രേഖകള്‍ (DRHP) കമ്പനി സെബിയ്ക്ക് ജൂണില്‍ സമര്‍പ്പിക്കും. മെഗാ ഐപിഒ അടുത്തവര്‍ഷം ആദ്യത്തില്‍ നടത്താനാണ് കമ്പനി പദ്ധതിയിടുന്നത്.
ഫ്രഷ് ഇഷ്യുവഴിയും ഓഫര്‍ ഫോര്‍ സെയില്‍ വഴിയും ഓഹരികള്‍ പൊതുജനങ്ങളിലേയ്‌ക്കെത്തിക്കും. ഫുഡ് ഡെലിവറിയ്ക്ക് പുറമെ പിക്ക്അപ്പ് ആന്റ് ഡ്രോപ്പ് സേവനങ്ങളും സ്വിഗ്ഗി നടത്തുന്നുണ്ട്. നിലവില്‍ 10.7 ബില്ല്യണ്‍ ഡോളര്‍ വിപണി മൂല്യമുള്ള കമ്പനി ജനുവരിയില്‍ 1.25 ബില്ല്യണ്‍ ഡോളര്‍ സമാഹരിച്ചിരുന്നു. സോഫ്റ്റ്ബാങ്ക് വിഷന്‍ ഫണ്ട്, പ്രോസസ്,ആക്‌സല്‍, വെല്ലിംഗ്ടണ്‍ മാനേജ്‌മെന്റ് എന്നിവയാണ് സ്വിഗ്ഗിയില്‍ നിക്ഷേപമിറക്കിയ കമ്പനികള്‍.
സ്വിഗ്ഗിയുടെ മുഖ്യ എതിരാളികളായ സൊമാറ്റോ കഴിഞ്ഞവര്‍ഷം ഓഹരിവിപണിയില്‍ പ്രവേശിച്ചിരുന്നെങ്കിലും വേണ്ടത്ര സ്വീകാര്യത ലഭിച്ചിരുന്നില്ല.