അലൂമിനിയം ഉല്‍പ്പാദകരായ ഹിന്‍ഡാല്‍കോയുടെ ഓഹരി വില ഇന്നലെ എക്കാലത്തെയും ഉയര്‍ന്ന വില രേഖപ്പെടുത്തി. ഓഹരി വിപണി എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 10 ശതമാനത്തോളം താഴെ നില്‍ക്കുമ്പോഴാണ് ഹിന്‍ഡാല്‍കോ റെക്കോഡ് വിലയിലേക്ക് കുതിച്ചുയര്‍ന്നത്. നിഫ്‌റ്റി മെറ്റല്‍ സൂചിക ഇന്നലെ നാല് ശതമാനമാണ് ഉയര്‍ന്നത്. റഷ്യയ്‌ക്കു മേല്‍ ഉപരോധം ഏര്‍പ്പെടുത്തുന്നത് കമ്മോഡിറ്റി സപ്ലൈയെ പ്രതികൂലമായി ബാധിക്കും. ഇത് കമ്മോഡിറ്റി വില ഉയരുന്നതിന് വഴിവെക്കും.
ഏഴ് ശതമാനത്തിലേറെ നേട്ടം കൈവരിച്ച ഹിന്‍ഡാല്‍കോ ഇന്നലെ രേഖപ്പെടുത്തിയ ഉയര്‍ന്ന വില 576.50 രൂപയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ നിഫ്‌റ്റി 2.5 ശതമാനം ഇടിവ് നേരിട്ടപ്പോള്‍ ഹിന്‍ഡാല്‍കോ 9 ശതമാനം ഉയരുകയാണ് ചെയ്‌തത്. നിഫ്‌റ്റി മെറ്റല്‍ സൂചികയില്‍ ഉള്‍പ്പെട്ട ജിന്റാല്‍ സ്റ്റീല്‍, ടാറ്റാ സ്റ്റീല്‍, ജെഎസ്‌ഡബ്ല്യു സ്റ്റീല്‍, സെയില്‍, വേദാന്ത, ഹിന്ദുസ്ഥാന്‍ കോപ്പര്‍ എന്നീ ഓഹരികള്‍ മൂന്ന് ശതമാനം മുതല്‍ ആറ് ശതമാനം വരെ നേട്ടമാണ് രേഖപ്പെടുത്തിയത്. ലണ്ടന്‍ അലൂമിനിയം ഫ്യൂച്ചേഴ്‌സ് വില ഇന്നലെ എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലെത്തി. ചില റഷ്യന്‍ ബാങ്കുകളെ ആഗോള പേമെന്റ് സിസ്റ്റമായ സ്വിഫ്‌റ്റില്‍ നിന്ന് പുറത്താക്കിയത് ഉള്‍പ്പെടെയുള്ള ഉപരോധ നീക്കങ്ങള്‍ കമ്മോഡിറ്റി സപ്ലൈയൈ സാരമായി ബാധിക്കാനും വില ഉയരാനും സാധ്യതയുണ്ട്.
ലോകത്തിലെ ആകെ അലൂമിനിയത്തിന്റെ ആറ് ശതമാനവും നിക്കലിന്റെ ഏഴ് ശതമാനവും ഉല്‍പ്പാദിപ്പിക്കുന്നത് റഷ്യയാണ്. 2018ല്‍ റഷ്യയ്‌ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ലോഹ വില ഏതാനും ദിവസത്തിനുള്ളില്‍ 35 ശതമാനം ഉയര്‍ന്നിരുന്നു. ഡിമാന്റും സപ്ലൈയും തമ്മിലുള്ള അന്തരമാണ് അലൂമിനിയം ഉള്‍പ്പെടെയുള്ള കമ്മോഡിറ്റികളുടെ വില നേരത്തെ കുതിച്ചുയരുന്നതിന് വഴിയൊരുക്കിയത്. നിലവിലുള്ള സപ്ലൈ വീണ്ടും കുറയുന്നതിന് കാരണമാകുന്ന സാഹചര്യം മെറ്റല്‍ വിലയിലെ മുന്നേറ്റം തുടരുന്നതിന് വഴിയൊരുക്കിയേക്കും.
Source Livenewage