ന്യൂഡൽഹി: വൈദ്യുത വാഹന ഇറക്കുമതിക്ക് ഇന്ത്യ ചുമത്തുന്ന നികുതിയിൽ ഇളവെന്ന യുഎസ് ഇലക്ട്രിക് കാർ നിർമാതാക്കളായ ടെസ്‌ലയുടെ ആവശ്യത്തിന് തിരിച്ചടി. ഇന്ത്യയിൽ കാർ നിർമിക്കണമെന്ന ആവശ്യത്തോട് ടെസ്‌ല അനുകൂല നിലപാട് സ്വീകരിക്കാതെ തുടരുന്നതോടെ ഇറക്കുമതി ചുങ്കത്തിൽ ഇളവിനുള്ള സാധ്യത മങ്ങുകയാണ്. ടെസ്‌ലയ്ക്കു മാത്രമായി പ്രത്യേക ഇളവുകൾ അനുവദിക്കില്ലെന്ന് കേന്ദ്ര ഘനവ്യവസായ മന്ത്രാലയം വ്യക്തമാക്കി. ടെസ്‌ലയുടെ വിമുഖതയ്ക്കിടയിലും പ്രാദേശികമായി വാഹന നിർമാണം പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതിക്കു മികച്ച പ്രതികരണം ലഭിച്ചതായി മന്ത്രാലയം അവകാശപ്പെട്ടു. നിലവിലെ പദ്ധതികൾ യാഥാർഥ്യമായാൽ 2.30 ലക്ഷം കോടി രൂപയുടെ അധിക വരുമാനമാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്; ഒപ്പം മലിനീകരണ വിമുക്തമായ കാറുകളുടെ കയറ്റുമതി കേന്ദ്രമായും രാജ്യം മാറും.

വിവിധ കമ്പനികൾ നിക്ഷേപ നിർദേശങ്ങൾ സമർപ്പിച്ചതോടെ പദ്ധതി വഴി സർക്കാർ പ്രതീക്ഷിച്ചതിലേറെ നേട്ടമുണ്ടെന്ന് കേന്ദ്ര ഘനവ്യവസായ സെക്രട്ടറി അരുൺ ഗോയൽ വെളിപ്പെടുത്തി. യന്ത്രഘടക നിർമാണ മേഖലയിലെ നിക്ഷേപം സംബന്ധിച്ച പ്രഖ്യാപനം വരാനുമുണ്ട്. ലക്ഷ്യമിട്ടിരുന്നത് 42,500 കോടി രൂപയുടെ നിക്ഷേപമായിരുന്നെങ്കിലും അതിലധികം മുതൽമുടക്കിനുള്ള പദ്ധതികൾ ലഭിച്ചതായി ഗോയൽ വിശദീകരിച്ചു. മൊത്തത്തിൽ മികച്ച പ്രതികരണമാണു പദ്ധതിക്കു ലഭിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം, ഏതെങ്കിലും ഒറ്റ കമ്പനിക്കു മാത്രം ഗുണകരമായ ഇളവുകൾ അനുവദിക്കുന്നതു പരിഗണനയിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജനാധിപത്യ രാജ്യമെന്ന നിലയിൽ വ്യവസായ മേഖലയ്ക്കു മൊത്തത്തിൽ ബാധകമായ ഇളവുകളാവും അനുവദിക്കുക.

ഇന്ത്യയിൽ നിർമിക്കുന്നതിന് പകരം ഇറക്കുമതി ചെയ്യുന്ന കാറുകളുടെ വിൽപ്പനയോടെ ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കാനുള്ള ടെസ്‌ലയുടെ നീക്കത്തിൽ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഢ്കരിയും നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഫലത്തിൽ ചൈനയിൽ നിർമിക്കുന്ന കാറുകളുടെ വിപണിയായി ഇന്ത്യയെ ഇത് മാറ്റും. ടെസ്‌ലയുടെ നിലപാടിനെതിരെ കേന്ദ്ര ഘന വ്യവസായ സഹമന്ത്രി കൃഷ്ണൻ പാൽ ഗുർജറും ലോക്സഭയിൽ വിമർശനം ഉന്നയിച്ചിരുന്നു. പ്രാദേശികമായി വാഹനം നിർമിക്കാതെയുള്ള വിപണി പ്രവേശത്തിൽ സർക്കാരിനു താൽപര്യമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.