രാജ്യത്തെ മുന്‍നിര സിമന്റ്‌ കമ്പനിയായ അംബുജാ സിമന്റ്‌സ്‌ ഒക്‌ടോബര്‍-ഡിസംബര്‍ ത്രൈമാസത്തില്‍ ദുര്‍ബലമായ പ്രവര്‍ത്തനമാണ്‌ കാഴ്‌ച വെച്ചത്‌. നികുതിക്കു ശേഷമുള്ള ലാഭത്തില്‍ മുന്‍വര്‍ഷം സമാന കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 36.2 ശതമാനം ഇടിവാണുണ്ടായത്‌. 317.4 കോടി രൂപയാണ്‌ മൂന്നാം ത്രൈമാസത്തിലെ ലാഭം. കമ്പനിയുടെ ലാഭം വരുമാനത്തിന്റെ 15.2 ശതമാനമായി കുറഞ്ഞു. മുന്‍വര്‍ഷം മൂന്നാം ത്രൈമാസവുമായി താരതമ്യം ചെയ്യുമ്പോള്‍ ലാഭ വരുമാന അനുപാതത്തില്‍ 6.60 ശതമാനം ഇടിവാണുണ്ടായത്‌. ഉല്‍പ്പാദന ചെലവ്‌ കൂടിയത്‌ ലാഭം കുറയാന്‍ ഒരു കാരണമായി. ഇന്ധന ചെലവിലെ വര്‍ധന കമ്പനിയുടെ ലാഭത്തെ ബാധിച്ചു.

മൂന്നാം ത്രൈമാസ ഫലത്തെ തുടര്‍ന്ന്‌ അംബുജാ സിമന്റ്‌സിന്റെ പ്രതീക്ഷിത വില മിക്ക ആഗോള ബ്രോക്കറേജുകളും വെട്ടിക്കുറയ്‌ക്കുകയാണ്‌ ചെയ്‌തത്‌. അതേ സമയം നിലവിലുള്ള വിലയില്‍ നിന്ന്‌ ആറ്‌ ശതമാനം മുതല്‍ 25 ശതമാനം വരെ ഈ ഓഹരി ഉയരാനുള്ള സാധ്യതയുണ്ട്‌. ഗോള്‍ഡ്‌മാന്‍ സാച്‌സ്‌ അംബുജാ സിമന്റ്‌സ്‌ വാങ്ങുക എന്ന ശുപാര്‍ശ നിലനിര്‍ത്തി. അതേ സമയം പ്രതീക്ഷിത വില 405 രൂപയില്‍ നിന്ന്‌ 385 രൂപയായി കുറച്ചു. റിസ്‌ക്‌-റിവാര്‍ഡ്‌ റേഷ്യോ കണക്കിലെടുക്കുമ്പോള്‍ ഈ ഓഹരി ഇപ്പോഴും ആകര്‍ഷകമാണെന്ന്‌ ഗോള്‍ഡ്‌മാന്‍ സാച്‌സ്‌ പറയുന്നു.

ജെഫറീസ്‌ അംബുജാ സിമന്റ്‌സില്‍ ലക്ഷ്യമാക്കുന്ന വില 425 രൂപയാണ്‌. സിഎല്‍എസ്‌എ 440 രൂപയില്‍ നിന്ന്‌ 390 രൂപയായി പ്രതീക്ഷിത വില വെട്ടിക്കുറച്ചു. നോമുറ, ജെപി മോര്‍ഗന്‍ എന്നീ ആഗോള ബ്രോക്കറേജുകള്‍ നേരത്തെ തന്നെ അംബുജാ സിമന്റ്‌സിന്‌ `ന്യൂട്രല്‍' റേറ്റിംഗാണ്‌ നല്‍കിയിരുന്നത്‌. അതേ സമയം മൂന്നാം ത്രൈമാസ ഫലത്തിനു ശേഷം ഇരുബ്രോക്കറേജുകളും ഈ ഓഹരിയുടെ പ്രതീക്ഷിത വിലയില്‍ മാറ്റം വരുത്തിയില്ല. ഇരുബ്രോക്കറേജുകളും 360 രൂപയാണ്‌ ഈ ഓഹരിയില്‍ ലക്ഷ്യമാക്കുന്ന വില.

Source Livenewage