ന്യൂഡൽഹി: കമ്പനി ബോർഡുകളുടെ ഭാഗമാകാൻ വനിതകൾ വൈമുഖ്യം കാട്ടുന്നതായി ധനമന്ത്രി നിർമല സീതാരാമൻ. ബജറ്റിനു ശേഷം വ്യവസായ മേഖലയിലെയും ബാങ്കിങ് രംഗത്തെയും പ്രതിനിധികളുമായി ചർച്ച നടത്തുകയായിരുന്നു മന്ത്രി. ഈ മേഖലയിൽ താൽപര്യമുള്ള വനിതകളെ കണ്ടെത്തുക വളരെ ബുദ്ധിമുട്ടാണ്. താൻ പലരെയും വ്യക്തിപരമായി ക്ഷണിച്ചിട്ടുണ്ട്. നിങ്ങളുടെ അനുഭവപരിചയം ആവശ്യമുണ്ടെന്ന് പറഞ്ഞ് വിളിച്ചെങ്കിലും മിക്കവരും വരാൻ തയാറായില്ലെന്നും മന്ത്രി പറഞ്ഞു. ബാങ്കുകൾ കൂടുതൽ ഉപയോക്തൃ–സൗഹൃദമാകണമെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. ഉപയോക്താക്കൾക്ക് ബുദ്ധിമുട്ടില്ലാതെ വായ്പയെടുക്കാനുള്ള സൗകര്യം ഒരുക്കണം. അതേസമയം, ബാങ്കിന് വലിയ റിസ്ക് ഉണ്ടാക്കുന്ന അവസ്ഥയുണ്ടാകരുതെന്നും മന്ത്രി പറഞ്ഞു. ആരോഗ്യമേഖലയ്ക്ക് ബജറ്റ് വിഹിതം കുറഞ്ഞതിനെക്കുറിച്ചും യോഗത്തിൽ ചർച്ച നടന്നു. ആരോഗ്യമേഖല പ്രധാനമായും സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തമാണെന്ന് ധന സെക്രട്ടറി ടി വി സോമനാഥൻ ചൂണ്ടിക്കാട്ടി.

Source : Livenewage