ന്യൂയോർക്ക്: വിപണിമൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന കമ്പനികളുടെ പട്ടികയില്‍ നിന്ന്‌ മെറ്റ പ്ലാറ്റ്‌ഫോം പുറത്തായി. മെറ്റയുടെ വിപണിമൂല്യത്തില്‍ ഒരു മാസത്തിലുണ്ടാകുന്ന ഏറ്റവും വലിയ തകര്‍ച്ചയാണ്‌ ഈയിടെ കണ്ടത്‌. നേരത്തെ ലോകത്തിലെ ഏറ്റവും വലിയ ആറാമത്തെ കമ്പനിയായിരുന്ന മെറ്റ പ്ലാറ്റ്‌ഫോമിന്റെ വിപണിമൂല്യം ഒരു ലക്ഷം കോടിയില്‍ പരം ഡോളറില്‍ നിന്ന്‌ 565 ബില്യൺ ഡോളറായാണ്‌ കുറഞ്ഞത്‌. വിപണിമൂല്യത്തില്‍ ടെന്‍സെന്റ്‌ ഹോള്‍ഡിംഗ്‌സിന്റെയും പിന്നില്‍ പതിനൊന്നാം സ്ഥാനത്താണ്‌ മെറ്റ ഇപ്പോള്‍. 

കഴിഞ്ഞ വര്‍ഷമാണ്‌ ഫേസ്‌ബുക്കിന്റെ പേര്‌ മെറ്റ പ്ലാറ്റ്‌ഫോം എന്ന്‌ മാറ്റിയത്‌. സെപ്‌റ്റംബറിലെ ഉയര്‍ന്ന വിലയില്‍ നിന്നും മെറ്റയുടെ ഓഹരിയില്‍ ഇടിവുണ്ടായപ്പോള്‍ വിപണി മൂല്യത്തിലുണ്ടായ ചോര്‍ച്ച അതിഭീമമായിരുന്നു. കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയ റെക്കോർഡ്‌ വിലയില്‍ നിന്നും 46 ശതമാനമാണ്‌ മൂല്യം ഇടിഞ്ഞത്‌. ടെസ്‌ലയാണ്‌ ഇപ്പോള്‍ വിപണിമൂല്യത്തില്‍ ആറാമത്‌ നില്‍ക്കുന്നത്‌. 906 ബില്യൺ ഡോളറാണ്‌ ടെസ്‌ലയുടെ വിപണിമൂല്യം. 700 ബില്യൺ ഡോളര്‍ വിപണി മൂല്യമുള്ള ബെര്‍ക്‌ഷെയര്‍ ഹാത്‌വേ ആണ്‌ ഏഴാം സ്ഥാനത്ത്‌..

Source : Livenewage