മുംബൈ: സ്‌പെഷ്യാലിറ്റി കെമിക്കല്‍ നിര്‍മാതാക്കളായ ആര്‍ക്കിയന്‍ കെമിക്കല്‍ ഇന്‍ഡസ്ട്രീസ് പ്രാരംംഭ ഓഹരി വില്‍പ്പനയ്ക്ക് (ഐപിഒ) ഒരുങ്ങുന്നു. ഐപിഒ സംബന്ധിച്ച രേഖകള്‍ കമ്പനി സെബിയ്ക്ക് സമര്‍പ്പിച്ചു.  1000 കോടിയുടെ പുതിയ ഓഹരികളും ഓഫര്‍ ഫോര്‍ സെയിലിലൂടെ 1.9 കോടിയുടെ ഓഹരികളുമാണ് വില്‍പ്പനയ്ക്ക് വെക്കുന്നത്. പുതിയ ഓഹരികളിലൂടെ സമാഹരിക്കുന്ന തുക കമ്പനി പുറത്തിറക്കിയ നോണ്‍-കണ്‍വെര്‍ട്ടിബിള്‍ ഡിബഞ്ചറുകളുടെ (എന്‍സിഡി) വീണ്ടെടുക്കലിനായി ആവും ഉപയോഗിക്കുക.

രാജ്യത്തെ മുന്‍നിര സ്‌പെഷ്യാലിറ്റി മറൈന്‍ കെമിക്കല്‍സിന്റെ നിര്‍മാതാക്കളാണ് ആര്‍ക്കിയന്‍ കെമിക്കല്‍സ്.  ബ്രോമിന്‍, വ്യാവസായിക ഉപ്പ്, പൊട്ടാഷ് എന്നിവയാണ് ഇവര്‍ പ്രധാനമായും ഉല്‍പ്പാദിപ്പിക്കുന്നത്. ഗുജറാത്തിലെ ഹാജിപീറിലാണ് ആര്‍ക്കിയന്‍ കെമിക്കല്‍സിന്റെ നിര്‍മാണ യൂണീറ്റ്. ഫാര്‍മ, അഗ്രോകെമിക്കല്‍, വാട്ടര്‍ ട്രീറ്റ്‌മെന്റ് തുടങ്ങി എനര്‍ജി സ്‌റ്റോറേജ് വിഭാഗത്തില്‍ വരെ ഉപയോഗിക്കുന്ന പ്രധാന ഘടകമാണ് ബ്രോമിന്‍.

നിലവില്‍ പതിമൂന്നോളം രാജ്യങ്ങളിലേക്ക് ആര്‍ക്കിയന്‍ കെമിക്കല്‍സ് ഉല്‍പ്പന്നങ്ങള്‍ കയറ്റി അയക്കുന്നുണ്ട്. 2018-19 കാലയളവില്‍ 565.5 കോടിയും കഴിഞ്ഞ സാമ്പത്തിക വര്‍ഷം 740.76 കോടിയുമായിരുന്നു കമ്പനിയുടെ പ്രവര്‍ത്തന വരുമാനം. ഐഐഎഫ്എല്‍ സെക്യൂരിറ്റീസ്, ഐസിഐസിഐ സെക്യൂരിറ്റീസ്, ജെഎം ഫിനാന്‍ഷ്യല്‍ എന്നിവരാണ് ഐപിഒയ്ക്ക് നേതൃത്വം നല്‍കുന്നത്.

Source : Livenewage