മുംബൈ: നാഷണല്‍ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചി (എന്‍എസ്‌ഇ) ന്റെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) ഒരു വര്‍ഷം കൂടി വൈകാന്‍ സാധ്യത. എന്‍എസ്‌ഇയുടെ മുന്‍ ഉദ്യോഗസ്ഥര്‍ നടത്തിയ ചട്ടലംഘനങ്ങളെ കുറിച്ച്‌ അന്വേഷണം നടക്കുന്നതാണ്‌ ഐപിഒ നടപടികളെ പ്രതികൂലമായി ബാധിക്കുന്നത്‌. സെക്യൂരിറ്റീസ്‌ കോണ്‍ട്രാക്‌ട്‌ ചട്ടങ്ങള്‍ ലംഘിച്ചതിന്‌ സെബിയുടെ അന്വേഷണം നേരിടുകയാണ്‌ എന്‍എസ്‌ഇ. ആദായനികുതി വകുപ്പും സിബിഐയും എന്‍എസ്‌ഇയുടെ മുന്‍ മേധാവി ചിത്ര രാമകൃഷ്‌ണയ്‌ക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌.

ഇപ്പോഴത്തെ സാഹചര്യത്തില്‍ ഐപിഒ നടത്താന്‍ എന്‍എസ്‌ഇയ്‌ക്ക്‌ സെബി അനുമതി നല്‍കാനിടയില്ല എന്നാണ്‌ വിദഗ്‌ധര്‍ ചൂണ്ടികാട്ടുന്നത്‌. എന്‍എസ്‌ഇയിലെ മൊത്തം സംവിധാനവും ശുദ്ധീകരിക്കാതെ പബ്ലിക്‌ ഇഷ്യു നടപടികളിലേക്ക്‌ തിരിയാനാകില്ല. വരും മാസങ്ങളില്‍ കൂടുതല്‍ നടപടികള്‍ അന്വേഷണ ഏജന്‍സികളുടെ ഭാഗത്തു നിന്നുണ്ടാകാനിടയുണ്ട്‌. അതുവരെ എന്‍എസ്‌ഇയുടെ പബ്ലിക്‌ ഇഷ്യു നടത്തുന്നതിനുള്ള അപേക്ഷ സെബി പരിഗണിക്കാനിടയില്ല. 2016 ഡിസംബര്‍ 18നാണ്‌ എന്‍എസ്‌ഇ പബ്ലിക്‌ ഇഷ്യു നടത്താനായി സെബിക്ക്‌ ഡ്രാഫ്‌റ്റ്‌ പ്രൊസ്‌പെക്‌ടസ്‌ സമര്‍പ്പിച്ചത്‌. നിലവിലുള്ള നിക്ഷേപകരുടെ 111.4 ദശലക്ഷം ഓഹരികള്‍ ഓഫര്‍ ഫോര്‍ സെയില്‍ (ഒഎഫ്‌എസ്‌) വഴി വില്‍ക്കാനായിരുന്നു എന്‍എസ്‌ഇയുടെ പദ്ധതി. അതേ സമയം കോ-ലൊക്കേഷന്‍ സൗകര്യം എന്‍എസ്‌ഇ ദുരുപയോഗപ്പെടുത്തിയതു സംബന്ധിച്ച്‌ അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ഡ്രാഫ്‌റ്റ്‌ പ്രൊസ്‌പെക്‌ടസ്‌ പിന്‍വലിക്കാന്‍ സെബി ആവശ്യപ്പെടുകയായിരുന്നു.

ഒരു പതിറ്റാണ്ട്‌ മുമ്പു തന്നെ പബ്ലിക്‌ ഇഷ്യു നടത്തണമെന്ന ആവശ്യം എന്‍എസ്‌ഇയിലെ വിദേശ നിക്ഷേപകര്‍ ആവശ്യപ്പെട്ടുവെന്നാണ്‌ അറിയുന്നത്‌. പക്ഷേ വിവിധ തരത്തിലുള്ള ആരോപണങ്ങളും വിവാദങ്ങളും മൂലം പബ്ലിക്‌ ഇഷ്യു നീണ്ടുപോകുകയായിരുന്നു. കഴിഞ്ഞ രണ്ട്‌ വര്‍ഷത്തിനിടെ എന്‍എസ്‌ഇയുടെ ഓഹരി വില ഗ്രേ മാര്‍ക്കറ്റില്‍ നാല്‌ മടങ്ങാണ്‌ ഉയര്‍ന്നത്‌. 850 രൂപയില്‍ നിന്ന്‌ 3400 രൂപയായി എന്‍എസ്‌ഇയുടെ ഓഹരിക്ക്‌ ഇപ്പോഴും ശക്തമായ ഡിമാന്റ്‌ ഗ്രേ മാര്‍ക്കറ്റിലുണ്ട്‌. ലാഭം ഉണ്ടാക്കുന്നതിലുള്ള മികച്ച ട്രാക്ക്‌ റെക്കോഡ്‌ ആണ്‌ ഈ ഡിമാന്റിന്‌ കാരണം.

Source : Livenewage