ന്യൂഡൽഹി: ഇൻഡ‍ിഗോ എയർലൈൻസിന്റെ സഹസ്ഥാപകൻ രാകേഷ് ഗാങ്‌വാൾ കമ്പനിയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സിൽനിന്നു രാജിവച്ചു. ഇൻഡിഗോയുടെ ഉടമസ്ഥരായ ഇന്റർ ഗ്ലോബ് ഏവിയേഷൻ കമ്പനിയുടെ മാനേജിങ് ഡയറക്ടർ ആയി മറ്റൊരു സഹസ്ഥാപകൻ രാഹുൽ ഭാട്ടിയ ചുമതലയേറ്റ് രണ്ടാഴ്ച തികയുംമുൻപാണ് രാകേഷിന്റെ രാജി. 2005ൽ ഇൻഡിഗോ രൂപവൽക്കരിച്ച ഇവർ തമ്മിലുള്ള തർക്കം 2018–2019 മുതലാണു പ്രകടമായത്. കമ്പനിയിൽ തന്റെ ഓഹരി പങ്കാളിത്തം 5 വർഷത്തിനുളളിൽ കുറച്ചുകൊണ്ടുവരുമെന്ന് ഗാങ്‌വാൾ പറ‍ഞ്ഞു. കമ്പനിയിൽ ഗാങ്‌വാളിനും കുടുംബത്തിനുമായി 37 ശതമാനത്തോളം ഓഹരിയാണുള്ളത്. നിലവിലെ ഓഹരിവില അനുസരിച്ച് ഇതിന് 29,900 കോടി രൂപ മൂല്യം കണക്കാക്കുന്നു. രാകേഷ് ഭാട്ടിയയ്ക്കും കുടുംബത്തിനുമുള്ളത് 38 ശതമാനത്തോളം ഓഹരിയാണ്. ഭാട്ടിയ കമ്പനിയുടെ ഭരണത്തിൽ അമിത സ്വാധീനം ചെലുത്തുന്നു എന്ന പരാതിയാണ് ഗാങ്‌വാൾ ഉന്നയിച്ചിരുന്നത്.

രാജ്യത്തെ ഏറ്റവും വലിയ ആഭ്യന്തര വ്യോമയാനക്കമ്പനിയാണ് ഇൻഡിഗോ. 53.5% വിപണിവിഹിതം. കോവിഡ് കാലത്തു നഷ്ടം നേരിട്ട കമ്പനി ഒക്ടോബർ-ഡിസംബർ കാലത്തു ലാഭത്തിലേക്കു തിരിച്ചെത്തുകയും ചെയ്തു.സ്ഥാപകർക്ക് ഓഹരി വിറ്റഴിക്കുന്നതിനുള്ള നിയന്ത്രണം ഈയിടെ ഓഹരിയുടമകളുടെ യോഗം ചേർന്ന് നീക്കിയിരുന്നു. തുടർന്ന്, മാനേജിങ് ഡയറക്ടർ എന്ന തസ്തിക സൃഷ്ടിക്കാനും തീരുമാനമെടുത്തു. എയർഇന്ത്യ, വിസ്താര, എയർഇന്ത്യ എക്സ്പ്രസ്, എയർഏഷ്യ ഇന്ത്യ എന്നീ 4 കമ്പനികളുള്ള ടാറ്റ ഗ്രൂപ്പ് വലിയ മത്സരത്തിനൊരുങ്ങുമ്പോഴാണ് രാകേഷ് ഭാട്ടിയ കമ്പനിയുടെ ദൈനംദിന പ്രവർത്തനങ്ങളുടെ മേൽനോട്ടച്ചുമതലയുള്ള പദവി ഏറ്റെടുത്തത്. റണജോയ് ദത്തയാണ് ഇൻഡിഗോയുടെ സിഇഒ.