സാൻ ഫ്രാൻസിസ്‌കോ: ആഗോള റീട്ടെയിൽ രംഗത്തെ ഭീമൻ കമ്പനിയായ ആമസോണും കാർഡ് പണമിടപാട് വിശകലന രംഗത്തെ പ്രമുഖരായ വീസയും തമ്മിൽ വിവിധ രാജ്യങ്ങളിലുണ്ടായിരുന്ന തർക്കം അവസാനിച്ചു. ഇതോടെ ആമസോണിൽ വീസ കാർഡുകൾ ഉപയോഗിക്കുന്നതിനുണ്ടായിരുന്ന വിലക്കുകൾ ഇല്ലാതായി. ആമസോണിൽ കാർഡുകൾ ഉപയോഗിക്കുന്നവരിൽ നിന്ന് വീസ പ്രത്യേക ചാർജ് ഈടാക്കുന്നതിനെച്ചൊല്ലിയുള്ള തർക്കം കാരണം ആമസോൺ ബ്രിട്ടനിൽ വീസ കാർഡ് സ്വീകരിക്കില്ലെന്നു പ്രഖ്യാപിച്ചിരുന്നു. ഓസ്ട്രേലിയയിലും സിംഗപ്പൂരിലും ഇതേ രീതിയിൽ ഉപയോക്താക്കൾ അധിക ചാർജ് നൽകേണ്ടിവന്നിരുന്നു. ഒത്തുതീർപ്പു വ്യവസ്ഥയനുസരിച്ച്, ഇനി ഇത്തരം അധിക ഫീസ് ഉണ്ടാകില്ല. ആമസോണിൽ വീസ കാർഡുകൾക്കു വിലക്ക് ഏർപ്പെടുത്തേണ്ടെന്നും തീരുമാനിച്ചു. കോവിഡ് കാലത്തു ലോകമെങ്ങും പല ഡിജിറ്റൽ പണമിടപാടു രീതികൾ വ്യാപകമായതോടെ, ക്രെഡിറ്റ് കാർഡുകൾക്കു തിളക്കം കുറഞ്ഞിരുന്നു. കാർഡ് ഉപയോഗിച്ചുള്ള ഇടപാടിന് വലിയ ഫീസ് ആണെന്ന പരാതി വ്യാപകമായി. കാർഡ് ഇടപാട് പ്രോസസിങ് പ്ലാറ്റ്ഫോം ഒരുക്കുന്ന വീസ, മാസ്റ്റർകാർഡ്, അമേരിക്കൻ എക്സ്പ്രസ് തുടങ്ങിയ കമ്പനികൾ പല രാജ്യങ്ങളിലും ക്രെഡിറ്റ് കാർഡിനു മാത്രമല്ല ഡെബിറ്റ് കാർഡിനും ഇങ്ങനെ ഫീസ് ഈടാക്കുന്നുണ്ട്. ഇടപാടു തുകയുടെ 1.5% മുതൽ 3.5% വരെയാണ് ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾ നൽകേണ്ടിവരുന്നത്.