തിരുവനന്തപുരം: എയർ ഇന്ത്യ സ്വകാര്യവൽക്കരിച്ച സാഹചര്യത്തിൽ സംസ്ഥാനത്തു വിവിധയിടങ്ങളിൽ കമ്പനിക്ക് നൽകിയിരുന്ന ഭൂമി ഏറ്റെടുത്ത് കേന്ദ്ര സർക്കാർ രൂപീകരിച്ച അസറ്റ് ഹോൾഡിങ് കമ്പനിക്കു പാട്ടത്തിനു നൽകാൻ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചു. തിരുവനന്തപുരത്തും എറണാകുളത്തെ കാക്കനാട്ടും സൗജന്യമായും പാട്ടത്തിനും നൽകിയിരുന്ന ഭൂമിയാണ് സർക്കാരിൽ നിക്ഷിപ്തമാക്കി വിമാനക്കമ്പനിക്ക് ഉപയോഗിക്കാനാകുന്ന വിധത്തിൽ പാട്ടത്തിനു നൽ‌കുന്നത്. പാട്ടത്തുക അടക്കമുള്ള വ്യവസ്ഥകൾ ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറിയും ലാൻഡ് റവന്യു കമ്മിഷണറും അടങ്ങിയ നെഗോസ്യേഷൻ സമിതിയെ ചുമതലപ്പെടുത്തി. തിരുവനന്തപുരം കവടിയാറിൽ നൽകിയിരുന്ന 34.92 ആർ ഭൂമിയും അതിലെ കെട്ടിടങ്ങളും തിരിച്ചെടുക്കാൻ കഴിഞ്ഞയാഴ്ച മന്ത്രിസഭ തീരുമാനിച്ചിരുന്നു. എയർ ഇന്ത്യയ്ക്ക് ന്യായവില നൽകിക്കൊണ്ട് ഈ ആസ്തികൾ തിരിച്ചെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.

source : livenewage