ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയും ടെസ്ല ചീഫ് എക്‌സിക്യൂട്ടീവുമായ എലണ്‍ മസ്‌ക് തന്റെ കമ്പനിയുടെ അഞ്ച് മില്യണ്‍ ഓഹരികള്‍ ചാരിറ്റി സംഘടനകള്‍ക്ക് നല്‍കി. അഞ്ച് വ്യത്യസ്ത ഇടപാടുകളിലൂടെയാണ് മസ്‌ക് ഇത്രയും ഭീമമായ ഓഹരികള്‍ ചാരിറ്റിക്കായി വിതരണം ചെയ്തത്. 2021 നവംബറില്‍ ഓഹരികള്‍ വിതരണം ചെയ്യുമ്പോള്‍ സ്‌റ്റോക്കിന് 5.7 ബില്യണ്‍ ഡോളര്‍ മൂല്യമുണ്ടായിരുന്നു.

ടെസ്ല ഇലക്ട്രിക് കാര്‍ ഓഹരികളുടെ വില പരിഗണിക്കുമ്പോള്‍ ചരിത്രത്തില്‍ ഇന്നുവരെയുണ്ടായിട്ടുള്ള ഏറ്റവും വലിയ ചാരിറ്റി പ്രവര്‍ത്തനമാണ് മസ്‌ക് നടത്തിയത്. ചരിത്രത്തിലെ ഈ ഏറ്റവും വലിയ ചാരിറ്റി പ്രവര്‍ത്തനത്തിന് പിന്നില്‍ മസ്‌കിന് മറ്റ് പല ലക്ഷ്യങ്ങളുമുണ്ടെന്നാണ് ബിസിനസ് രംഗത്തെ പ്രമുഖര്‍ വിലയിരുത്തുന്നത്. ഓഹരികള്‍ പേര് വെളിപ്പെടുത്താത്ത ചാരിറ്റി സംഘടനകള്‍ക്ക് കൈമാറിയതോടെ മസ്‌കിന്റെ ക്യാപിറ്റല്‍ ഗെയ്ന്‍ നികുതി അടവില്‍ ഭീമമായ കുറവുണ്ടായെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. ക്യാപിറ്റല്‍ ഗെയ്ന്‍ ടാക്‌സില്‍ നിന്നും 40 ശതമാനം വരെ മസ്‌കിന് ലാഭിക്കാന്‍ കഴിഞ്ഞിട്ടുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍.

ലോകത്തിലെ ഏറ്റവും വലിയ ധനികരായ മസ്‌കും ജെഫ് ബസോസും തങ്ങളുടെ സമ്പത്തിന്റെ ഒരു ശതമാനം ചാരിറ്റിക്കായി നല്‍കുന്നുണ്ടെന്നാണ് 2021ലെ ഫോര്‍ബ്‌സ് ഫിലാന്ത്രോപി സ്‌കോര്‍ അടിവരയിടുന്നത്. ഫേസ്ബുക്ക് സഹസ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്റെ സമ്പത്തിന്റെ അഞ്ച് ശതമാനം ചാരിറ്റിക്കായി നീക്കി വെച്ചിരുന്നു. 2021 അവസാനത്തോടെ മസ്‌ക് 16 ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള ടെസ്ല ഓഹരികള്‍ വിറ്റതായി വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തു.

Source : Livenewage