മുംബൈ: ഇന്ത്യന്‍ കമ്പനികളുടെ ലാഭം ഉയരുന്നു. 3191 ലിസ്റ്റഡ് കമ്പനികളുടെ കഴിഞ്ഞ ത്രൈമാസത്തിലെ ലാഭത്തില്‍ 26.9 ശതമാനം വര്‍ധനയാണുണ്ടായതെന്ന് ബിസിനസ് സ്റ്റാൻഡേര്‍ഡ് സാംപിള്‍ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. മൊത്തത്തിൽ വില്‍പ്പന 24 ശതമാനം കൂടി. ബാങ്ക്, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍, ഇന്‍ഷുറന്‍സ്(ബിഎഫ്എസ്ഐ), മെറ്റല്‍, ഖനന കമ്പനികള്‍, ഓയില്‍ & ഗ്യാസ് മേഖലകളിൽ നിന്നുള്ള കമ്പനികള്‍ കൂടുതൽ നേട്ടമുണ്ടാക്കി. അതേസമയം ഉല്‍പ്പാദന കമ്പനികള്‍ക്ക് ഉല്‍പ്പാദന ചെലവും കുറഞ്ഞ ലാഭവും കാരണം വലിയ നേട്ടത്തിലെത്താനായില്ല. 

റിപ്പോര്‍ട്ട് പ്രകാരം 2.39 ലക്ഷം കോടി രൂപയാണ് 2022 സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ ഇന്ത്യന്‍ കമ്പനികള്‍ നേടിയ ആകെ ലാഭം. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ 1.88 ലക്ഷം കോടി രൂപയായിരുന്നു. അതേസമയം 2022 സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ നേടിയ 2.4 ലക്ഷം കോടി രൂപയേക്കാള്‍ കുറവാണിത്.  ലിസ്റ്റഡ് കമ്പനികള്‍ ആകെ 27 ലക്ഷം കോടി രൂപയുടെ വില്‍പ്പന നടത്തി. മുന്‍വര്‍ഷം ഇതേകാലയളവില്‍ 21.76 ലക്ഷം കോടി രൂപയായിരുന്നു ആകെ വില്‍പ്പന വരുമാനം. നടപ്പ് സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ ഇത് 24.67 ലക്ഷം കോടി രൂപയായിരുന്നു.

ഇന്ത്യന്‍ കമ്പനികളുടെ ലാഭത്തില്‍ ഇരട്ടയക്ക വര്‍ധനയുണ്ടാകുന്നത് ഇത് തുടര്‍ച്ചയായ ആറാം ത്രൈമാസമാണ്. അതേസമയം 2021 സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തിനു ശേഷം ഉണ്ടായിരിക്കുന്ന ഏറ്റവും കുറഞ്ഞ വരുമാനമാണ് 2022 സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തിലേത്.

Source : Livenewage