ദുബായ്: എക്സ്പോ സന്ദർശകരുടെ എണ്ണം 90 ലക്ഷമായി. മേള തുടങ്ങി മൂന്നു മാസത്തിനുള്ളിലാണ് സന്ദർശകരുടെ എണ്ണം 90 ലക്ഷമായത്. സന്ദർശകരിൽ കൂടുതലും ഇന്ത്യക്കാരാണ്. മേള തുടങ്ങിയ ഒക്ടോബർ മുതൽ ഡിസംബർ വരെ എക്സ്പോ സന്ദർശിച്ചത് 8,958,132 പേരാണ്. ഡിസംബർ മാസത്തിലെ വൈവിധ്യമാർന്ന ആഘോഷ പരിപാടികളാണ് സന്ദർശകരുടെ എണ്ണം കൂട്ടിയത്. കൂടാതെ കായിക പ്രകടനങ്ങൾ, സംഗീത സന്ധ്യ, ലോക സാംസ്കാരിക പരിപാടികൾ എന്നിവയെല്ലാം ആറു മാസം നീണ്ടു നിൽക്കുന്ന എക്സ്പോയിലേക്ക് ജനങ്ങളുടെ ഒഴുക്കുണ്ടാക്കി.
2021 ഒക്ടോബറിൽ ആരംഭിച്ച ദുബായ് എക്സ്പോ ഡിസംബർ ആയപ്പോഴേക്കും വിവിധ രാജ്യങ്ങളിലെ 8902 നേതാക്കളാണു സന്ദർശിച്ചത്. ഇവരിൽ പ്രസിഡന്റുമാരും പ്രധാനമന്ത്രിമാരും മന്ത്രിമാരും നയതന്ത്രജ്ഞരും വിവിധരാഷ്ട്രങ്ങളിലെ സർക്കാർ പ്രതിനിധികളുമുണ്ട്. എക്സ്പോ നഗരിയിലെ ഔദ്യോഗിക ചടങ്ങുകളിലും യുഎഇ ദേശീയ ദിന ആഘോഷങ്ങളിലും പങ്കെടുത്താണ് ഇവരിൽ പലരും മടങ്ങിയത്.
ഒക്ടോബർ ഒന്നു മുതൽ ഡിസംബർ 31 വരെയുള്ള എക്സ്പോ സന്ദർശകരിൽ 30 ശതമാനം വിദേശത്ത് നിന്നുള്ളവരാണ്. ഇന്ത്യ, ജർമ്മനി, ഫ്രാൻസ്, യുകെ, അമേരിക്ക, റഷ്യ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിൽ നിന്നാണ് കൂടുതൽ സന്ദർശകരെത്തിയത്. എക്സ്പോ ബസുകളിൽ സൗജന്യ യാത്ര നടത്തിയും ടാക്സി വാഹനങ്ങളിലൂടെയും നല്ലൊരു ശതമാനം ആളുകൾ നഗരിയിലെത്തി. എക്സ്പോ ബസുകൾ ഇതിനകം പത്ത് ലക്ഷത്തിലധികം സർവീസ് പൂർത്തിയാക്കി. മെട്രോ വഴി എക്സ്പോയിലേക്ക് പോയവരും തിരിച്ചു വന്നവരും 34 ലക്ഷമാണ്. എക്സ്പോ കവാടം വരെ മെട്രോ സ്റ്റേഷൻ ഉള്ളത് സന്ദർശകർക്ക് വലിയ ആശ്വാസമായി.
‘നമ്മൾ ഇപ്പോൾ പുതുവർഷത്തിലാണ്. വലിയ വെല്ലുവിളികൾ എല്ലാവരും നേരിട്ടു കൊണ്ടിരിക്കുന്നു. ഇതിനെ ഒറ്റക്കെട്ടായി നേരിടാൻ നമ്മൾ തീർത്ത ബലവത്തായ സൗഹൃദം കൊണ്ട് സാധിക്കും’– രാജ്യാന്തര സഹകരണ കാര്യ മന്ത്രി റിം അൽ ഹാശിമി അഭിപ്രായപ്പെട്ടു. എക്സ്പോ പാതി വഴി പിന്നിട്ടിരിക്കുന്നു. സന്ദർശകരുടെയും പങ്കാളികളുടെയും ആരോഗ്യ സുരക്ഷ പരമപ്രധാനമായതിനാൽ കോവിഡ് പ്രതിരോധ സുരക്ഷാ കാര്യങ്ങൾ തുടരുമെന്നും റീം പറഞ്ഞു.
എക്സ്പോയ്ക്ക് തിരശ്ശീല വീഴാൻ ഇനി 86 ദിവസം മാത്രമാണ്. അതിനു മുൻപ് അപൂർവ മേള കാണാൻ ശ്രമിക്കണമെന്നാണു സംഘാടകരുടെ ഓർമപ്പെടുത്തൽ.
Source : Livenewage