എല്‍ഐസിയുടെ സ്വകാര്യവല്‍ക്കരണം ഉടനുണ്ടാകുമെന്നാണ് ഇത്തവണത്തെ ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമനും വ്യക്തമാക്കിയത്. രാജ്യത്തെ ഏറ്റവും വലിയ പ്രഥമ ഓഹരി വില്‍പ്പന (ഐപിഒ)യാണ് എല്‍ഐസിയുടേത്. ലോകം മുഴുവന്‍ ഉറ്റു നോക്കുന്ന ഒന്ന്. എല്‍ഐസി ഐപിഒയുടെ സ്ഥിരീകരണം വന്നതു മുതല്‍ പോളിസി ഉടമകളും എല്‍ഐസി ജീവനക്കാരുമെല്ലാം വലിയ ആവേശത്തിലാണ്. ഓഹരി വില്‍പ്പനയില്‍ പങ്കാളികളാകാമെന്നതാണ് ആവേശത്തിന് കാരണം.
ലിസ്റ്റ് ചെയ്യപ്പെടുന്ന ഓഹരികളില്‍ 10 ശതമാനം പോളിസി ഉടമകള്‍ക്കായി നീക്കിവെക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ തന്നെ പോളിസി ഉടമകളില്‍ പലരും ഐപിഒയില്‍ പങ്കെടുക്കുമെന്ന് തീര്‍ച്ചപ്പെടുത്തിയിറങ്ങിയിരിക്കയാണ്. എന്നാല്‍ ഐല്‍ഐസി ഐപിഒയുടെ നേട്ടം കൊയ്യണമെങ്കില്‍ രണ്ട് കാര്യങ്ങള്‍ പോളിസി ഉടമകള്‍ക്ക് നിര്‍ബന്ധമാണ്. അതിനുവേണ്ടിയുള്ള നെട്ടോട്ടത്തിലാണ് അവര്‍.
ഡീമാറ്റ് അക്കൗണ്ട്, പാന്‍
ഒന്ന് എല്‍ഐസി പോളിസി അക്കൗണ്ടുമായി ലിങ്ക് ചെയ്ത പാന്‍ അക്കൗണ്ട്. രണ്ട് ഡീമാറ്റ് അക്കൗണ്ട്. നിങ്ങളുടെ പോളിസിയും പാനും തമ്മില്‍ ബന്ധിപ്പിച്ചിട്ടുണ്ടോ എന്നറിയാന്‍ linkpan.licindia.in എന്ന വെബ്‌സൈറ്റില്‍ കയറി പരിശോധിക്കാവുന്നതാണ്. പോളിസി നമ്പറും ജനനതീയതിയും പാനും നല്‍കിയാല്‍ മാത്രം മതി.
രണ്ടാമത്തെ കാര്യമായ ഡീമാറ്റ് അക്കൗണ്ട് തുറക്കാന്‍ പോളിസി ഉടമകളുടെ നെട്ടോട്ടമാണ്. ഓഹരി വിപണിയില്‍ ഷെയര്‍ വാങ്ങണമെങ്കിലും വില്‍ക്കണമെങ്കിലും ഡീമാറ്റ് എക്കൗണ്ട് നിര്‍ബന്ധമാണല്ലോ. അത്ര ജനകീയ നിക്ഷേപ മാര്‍ഗമായി ഇതുവരെ ഓഹരി രാജ്യത്ത് മാറിയിട്ടില്ല. അതിനാല്‍തന്നെ ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണവും കുറവായിരുന്നു. എന്നാല്‍ എല്‍ഐസി ഐപിഒയിലൂടെ പുതിയ ഡീമാറ്റ് അക്കൗണ്ട് തുടങ്ങുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ധനവുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.
25 കോടിയിലധികം പോളിസി ഉടമകളുണ്ട് എല്‍ഐസിക്ക്. മൊത്തം ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 10 കോടിയില്‍ താഴെ മാത്രമേ വരൂ. എല്‍ഐസി ഓഹരി ഉടമകളില്‍ തെറ്റില്ലാത്ത ഒരു ശതമാനം പേര്‍ ഐപിഒയില്‍ പങ്കെടുത്താല്‍ തന്നെ ഓഹരി വിപണിയിലേക്ക് എത്തുന്ന പുതുമുഖക്കാരുടെ എണ്ണത്തിലും അത് വന്‍കുതിച്ചുചാട്ടമുണ്ടാക്കും.
വിവിധ സ്റ്റോക്ക് ബ്രോക്കിങ് സ്ഥാപനങ്ങളുടെ കണക്കുകള്‍ പ്രകാരം എല്‍ഐസി ഐപിഒയുമായി ബന്ധപ്പെട്ട് ഏറ്റവും ചുരുങ്ങിയത് 25-30 ലക്ഷം പേരെങ്കിലും പുതുതായി ഡീമാറ്റ് അക്കൗണ്ട് തുടങ്ങും. ഇത് ഓഹരിനിക്ഷേപം കൂടുതല്‍ ജനകീയമാകുന്നതിനും വഴിവെക്കും.
എന്താണിത്ര പ്രത്യേകത?
ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസിയുടെ ഐപിഒ നരേന്ദ്ര മോദി സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമാണ്. രാജ്യത്തിന്റെ സ്വകാര്യവല്‍ക്കരണ ചരിത്രത്തില്‍ പുതിയ അധ്യായം രചിക്കുന്നതോടൊപ്പം ഇന്ത്യയില്‍ നിന്നും ഒരു ആഗോള ഇന്‍ഷുറന്‍സ് ഭീമന്റെ ഉയര്‍ച്ചയ്ക്കും അത് വഴിവെക്കും. എല്‍ഐസിയുടെ 5 ശതമാനം ഓഹരി വില്‍ക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. ഐപിഒയ്ക്കായുള്ള രേഖകള്‍ അടുത്തയാഴ്ച്ച സെബിക്ക് സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം.
ഐപിഒയുടെ വലുപ്പം, ഓഹരി വില തുടങ്ങിയ സകല വിവരങ്ങളും അടുത്ത ആഴ്ച്ചയോടെ വ്യക്തമാകും. മാര്‍ച്ച് മാസത്തില്‍ ഐപിഒ നടത്താനാണ് കേന്ദ്രത്തിന്റെ പദ്ധതി. ഓഹരി വിറ്റഴിക്കലിലൂടെ ഈ വര്‍ഷം 78,000 കോടി രൂപ സമാഹരിക്കാമെന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതിയുടെ ആണിക്കല്ലാണ് ഇന്‍ഷുറന്‍സ് ഭീമന്റെ ഐപിഒ. ഇതിനോടകം 12,000 കോടി രൂപയാണ് സര്‍ക്കാര്‍ സമാഹരിച്ചിരിക്കുന്നത്. എയര്‍ ഇന്ത്യ വില്‍പ്പനയില്‍ നിന്ന് ലഭിച്ച തുക ഉള്‍പ്പടെയാണിത്. എല്‍ഐസി ലിസ്റ്റിങ്ങിലൂടെ ഒരു ലക്ഷം കോടി രൂപ വരെ സമാഹരിക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി. ഏത് സാഹചര്യത്തിലാണെങ്കിലും എല്‍ഐസി ഐപിഒയിലൂടെ ഏറ്റവും ചുരുങ്ങിയത് 66,000 കോടി രൂപയെങ്കിലും സര്‍ക്കാരിന് ലഭിക്കുമെന്നാണ് കണക്കാക്കേണ്ടത്. ഓഹരി വിറ്റഴിക്കലിലൂടെ ലഭിക്കുന്ന വരുമാനം 78,000 കോടി രൂപയായി സര്‍ക്കാര്‍ പുതുക്കി നിശ്ചിയിച്ചത് എല്‍ഐസി ഐപിഒയിലൂടെ ലഭിക്കുന്ന തുക കൂടി കണക്കിലെടുത്താണ്.
മൂല്യമേറിയ ബ്രാന്‍ഡ്
ഇന്ത്യയിലെ ഓരോ കുടുംബത്തിലും എല്‍ഐസി എന്ന ബ്രാന്‍ഡ് സുപരിചിതമാണ്. അതുതന്നെയാണ് കമ്പനിയുടെ ശക്തിയും. 63 വര്‍ഷത്തെ പാരമ്പര്യമുള്ള എല്‍ഐസി ലോകത്തിലെ ഏറ്റവും ശക്തരായ ഇന്‍ഷുറന്‍സ് ബ്രാന്‍ഡുകളുടെ ആഗോള പട്ടികയില്‍ മൂന്നാമതും ഏറ്റവും മൂല്യമേറിയ ബ്രാന്‍ഡുകളുടെ പട്ടികയില്‍ പത്താമതുമുണ്ട്.
വിപണിയില്‍ എല്‍ഐസിക്കുള്ള വിഹിതം എതിരാളികളെ നിഷ്പ്രഭമാക്കുന്നതാണ്. പുതിയ ബിസിനസ് പ്രീമിയത്തിന്റെ കാര്യമെടുത്താല്‍ 61 ശതമാനവും പോളിസികളുടെ എണ്ണത്തിന്റെ കാര്യത്തില്‍ 71 ശതമാനവുമാണ് എല്‍ഐസിയുടെ വിപണി വിഹിതം. 13.5 ലക്ഷം ഏജന്റുമാരാണ് രാജ്യമൊട്ടുക്കും സ്ഥാപനത്തിനുള്ളത്. ഈ ഘടകങ്ങളെല്ലാം കാരണം എല്‍ഐസി ഐപിഒ വലിയ വിജയമാകുമെന്ന പ്രതീക്ഷയാണ് നിക്ഷേപകര്‍ക്കും പോളിസി ഉടമകള്‍ക്കുമെല്ലാം നല്‍കുന്നത്. പുതുതലമുറ ഇന്‍ഷുറന്‍സ് കമ്പനികള്‍ മികച്ച സേവനത്തിലൂടെ ഉപഭോക്താക്കളെ കൈയിലെടുക്കാന്‍ ശ്രമിക്കുമ്പോള്‍ ഓഹരി വില്‍പ്പന എല്‍ഐസിയുടെ പരമ്പരാഗത മാനേജ്‌മെന്റ് ശൈലികളിലും വലിയ മാറ്റങ്ങളുണ്ടാക്കുമെന്നാണ് ജീവനക്കാരുള്‍പ്പടെയുള്ളവരുടെ പ്രതീക്ഷ.
Source: Live new age