ന്യൂഡൽഹി: രാജ്യത്ത് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഏറ്റവും കാര്യക്ഷമമായി നടപ്പാക്കുന്ന സംസ്ഥാനങ്ങളുടെ മുൻപന്തിയിൽ കേരളം. പദ്ധതിയുടെ ഫണ്ട് ഫലപ്രദമായി വിനിയോഗിക്കുന്നതിലും പരമാവധി തൊഴില്‍ദിനം സൃഷ്ടിക്കുന്നതിലും കേരളം മുന്നിൽ നിൽക്കുമ്പോൾ ഉത്തര്‍പ്രദേശ്, കര്‍ണാടക, പഞ്ചാബ് പോലുള്ള സംസ്ഥാനങ്ങൾ ഏറെ പിന്നിലാണ്. കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയത്തിനു കീഴിലെ ഗ്രാമീണ വികസന പഞ്ചായത്ത് രാജ് സ്റ്റാന്‍ഡിങ് കമ്മിറ്റി പാര്‍ലമെന്റില്‍ സമർപ്പിച്ച റിപ്പോര്‍ട്ടിലാണ് പുതിയ ‘കണക്കുകള്‍ ഉള്ളത്. സോഷ്യല്‍ ഓഡിറ്റിങ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കേന്ദ്ര മാര്‍ഗനിര്‍ദേശത്തിന് വിധേയമായി കൃത്യമായി ഓഡിറ്റിങ്ങും നടത്തുന്നതിനും  ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ക്ക് 100 തൊഴില്‍ ദിനം ലഭിക്കുന്നത് ഉറപ്പാക്കുന്നതിനും കേരളം ഫലപ്രദമായ നടപടികൾ സ്വീകരിച്ചതായി റിപ്പോർട്ട് വിലയിരുത്തുന്നു. തൊഴിലുറപ്പ് തുകയില്‍ രാജ്യത്താകെ 4,20,869 തട്ടിപ്പുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 974 കോടിയിലധികം രൂപയാണ് ഇതുവഴി മാത്രമുള്ള നഷ്ടം. ഇതില്‍ 65,445 കേസുകളിൽ മാത്രമാണ് തുക തിരിച്ച് പിടിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.

Source : LiveNewage