യുക്രെയ്‌നെതിരെ റഷ്യ നടത്തിയ ആക്രമണത്തെ ചെറുക്കാന്‍ നാറ്റോ സൈനികമായി ഇടപെടില്ലെന്ന്‌ വ്യക്തമാക്കിയതോടെ യുദ്ധഭീതി ഓഹരി വിപണിയില്‍ സൃഷ്‌ടിച്ച പ്രതിഫലനങ്ങളുടെ അലകളൊടുങ്ങികഴിഞ്ഞുവെന്ന്‌ പറയാം. വെള്ളിയാഴ്‌ച യുഎസ്‌ ഓഹരി വിപണിയായ ഡോ ജോണ്‍സ്‌ 2020 നവംബറിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന നേട്ടമാണ്‌ രേഖപ്പെടുത്തിയത്‌. നാറ്റോ ഉക്രെയ്‌നിന്‌ സൈനികമായ പിന്തുണ നല്‍കാന്‍ മുതിര്‍ന്നിരുന്നുവെങ്കില്‍ അത്‌ യുദ്ധാന്തരീക്ഷത്തെ തീര്‍ത്തും വഷളാക്കുകയും നിലവിലുള്ള ലോകക്രമത്തെ തന്നെ ബാധിക്കുകയും ചെയ്യുമായിരുന്നു. നാറ്റോ അതിന്‌ തയാറാകാതിരുന്നത്‌ ഓഹരി വിപണികള്‍ക്ക്‌ ആശ്വാസമാണ്‌ പകര്‍ന്നത്‌. തുടര്‍ച്ചയായ രണ്ടാമത്തെ ദിവസമാണ്‌ ഡോ ജോണ്‍സ്‌ നേട്ടം രേഖപ്പെടുത്തിയത്‌.

ഇന്ത്യന്‍ വിപണിയിലും അടുത്ത ദിവസങ്ങളില്‍ സമാനമായ രീതിയിലുള്ള പ്രതിഫലനമാണ്‌ പ്രതീക്ഷിക്കുന്നത്‌. ഇന്ത്യന്‍ വിപണിയെ സംബന്ധിച്ചിടത്തോളം ഇനിയുള്ള പ്രധാന സംഭവം മാര്‍ച്ച്‌ പത്തിന്‌ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ്‌ ഫലമാണ്‌. ഇതില്‍ പ്രധാനമായും അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനലായി വിശേഷിപ്പിക്കപ്പെടുന്ന ഉത്തര്‍പ്രദേശ്‌ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലമായിരിക്കും വിപണിയുടെ ഗതി തീരുമാനിക്കുന്നത്‌. ആഗോള തലത്തിലെ രാഷ്‌ട്രീയ സംഘര്‍ഷങ്ങളില്‍ നിന്നും ആഭ്യന്തര തലത്തിലെ രാഷ്‌ട്രീയ ഉള്‍പ്പിരിവുകളിലേക്ക്‌ കണ്ണ്‌ തിരിക്കുകയാവും മാര്‍ച്ചില്‍ വിപണി ചെയ്യുന്നത്‌.

2017ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ മൃഗീയ ഭൂരിപക്ഷത്തോടെയാണ്‌ ഉത്തര്‍പ്രദേശില്‍ അധികാരത്തിലെത്തിയത്‌. ഇത്തവണ നേരിയ ഭൂരിപക്ഷത്തോടെ എന്‍ഡിഎ അധികാരത്തിലെത്തിയാലും വിപണി അതിനോട്‌ അനുകൂലമായി പ്രതികരിക്കണമെന്നില്ല. 275 സീറ്റിന്‌ മുകളില്‍ എന്‍ഡിഎക്ക്‌ ലഭിക്കുകയാണെങ്കില്‍ വിപണി ഉയരാന്‍ സാധ്യതയുണ്ട്‌. 225നും 250നും ഇടയിലാണ്‌ എന്‍ഡിഎയുടെ സീറ്റുകളെങ്കില്‍ വിപണിയില്‍ കാര്യമായ ചലനം മുകളിലേക്ക്‌ താഴേക്കോ ഉണ്ടാകാനിടയില്ല. അതേ സമയം 225ന്‌ താഴെയാണ്‌ സീറ്റുകളെങ്കില്‍ വിപണി പ്രതികൂലമായി പ്രതികരിക്കാന്‍ സാധ്യതയുണ്ട്‌. 200ന്‌ താഴെയാണ്‌ സീറ്റുകളുടെ എണ്ണമെങ്കില്‍ വിപണിയില്‍ ശക്തമായ ഇടിവ്‌ പ്രതീക്ഷിക്കാം.

വ്യാപാരം ചെയ്യുന്നവര്‍ എപ്പോഴും ഓര്‍ത്തിരിക്കേണ്ട കാര്യം `ബൈ ഓണ്‍ റ്യൂമേഴ്‌സ്‌, സെല്‍ ഓണ്‍ ന്യൂസ്‌' എന്ന ആപ്‌തവാക്യമാണ്‌. യുപി തിരഞ്ഞെടുപ്പ്‌ ഫലം വരുന്നതിന്‌ മുമ്പു തന്നെ ഈ സംഭവവുമായി ബന്ധപ്പെട്ട്‌ വ്യാപാരം നടത്താന്‍ താല്‍പ്പര്യപ്പെടുന്നവര്‍ ഫലസാധ്യതയെ കുറിച്ചുള്ള തങ്ങളുടെ നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ പൊസിഷനുകള്‍ എടുക്കേണ്ടതുണ്ട്‌.

Source Livenewage