കോവിഡിന്റെ വരവിനെ തുടര്‍ന്ന്‌ 2020 മാര്‍ച്ചില്‍ ശക്തമായ ഇടിവ്‌ നേരിട്ട ഓഹരി വിപണി അതിനു ശേഷം നടത്തിയ മുന്നേറ്റത്തില്‍ ഒട്ടേറെ ഓഹരികള്‍ പല മടങ്ങ്‌ നേട്ടം നല്‍കിയപ്പോള്‍ ചില ഓഹരികള്‍ നിക്ഷേപകരെ തീര്‍ത്തും നിരാശപ്പെടുത്തി. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 30 ഓഹരികള്‍ 26 ശതമാനം മുതല്‍ 78 ശതമാനം വരെ ഇടിവാണ്‌ നേരിട്ടത്‌. 

ഓഹരി വിപണി കുതിച്ചുകയറിയപ്പോഴും ചില ഓഹരികള്‍ കനത്ത ഇടിവ്‌ നേരിട്ടതിന്‌ കാരണം അവയുടെ ന്യൂനതകള്‍ മൂലമാണ്‌. ചില കമ്പനികളുടെ ഉയര്‍ന്ന കടബാധ്യതയും നിലവാരമില്ലാത്ത മാനേജ്‌മെന്റും മേന്മ കുറഞ്ഞ ബിസിനസുമാണ്‌ ഓഹരി വിലയിലെ തകര്‍ച്ചയ്‌ക്ക്‌ വഴിവെച്ചത്‌. കിഷോര്‍ ബിയാനിയുടെ ഫ്യൂച്ചര്‍ ലൈഫ്‌ സ്റ്റൈല്‍ കഴിഞ്‌ രണ്ട്‌ വര്‍ഷത്തിനിടെ 78 ശതമാനം ഇടിവാണ്‌ നേരിട്ടത്‌. 2020 മാര്‍ച്ച്‌ 23ന്‌ 168.35 രൂപയുണ്ടായിരുന്ന ഓഹരിയാണ്‌ 2022 മാര്‍ച്ച്‌ 29ന്‌ 34.65 രൂപയിലേക്ക്‌ ഇടിഞ്ഞത്‌. 

മറ്റ്‌ ഫ്യൂച്ചര്‍ ഗ്രൂപ്പ്‌ ഓഹരികളായ ഫ്യൂച്ചര്‍ റീട്ടെയില്‍, ഫ്യൂച്ചര്‍ സപ്ലൈ ചെയിന്‍ സൊല്യൂഷന്‍സ്‌ എന്നിവ യഥാക്രമം 68 ശതമാനവും 66 ശതമാനവും ഇടിവ്‌ നേരിട്ടു. ഫ്യൂച്ചര്‍ കണ്‍സ്യൂമറും ഫ്യൂച്ചര്‍ എന്റര്‍പ്രൈസസും 40 ശതമാനത്തിലേറെയാണ്‌ ഇടിഞ്ഞത്‌. കടബാധ്യതയിലുഴലുന്ന ഫ്യൂച്ചര്‍ ഗ്രൂപ്പ്‌ റിലയന്‍സ്‌ റീട്ടെയിലിന്‌ ബിസിനസ്‌ വില്‍ക്കുന്നതിന്റെ പേരില്‍ ആമസോണുമായി നിയമയുദ്ധത്തിലാണ്‌. 

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ജിഇ പവര്‍ 72 ശതമാനവും യെസ്‌ ബാങ്ക്‌ 68 ശതമാനവും ഒമാക്‌സ്‌ 46 ശതമാനവും തിരുത്തലിന്‌ വിധേയമായി. Related Stories രണ്ട്‌ വര്‍ഷത്തിനിടെ 733 ഓഹരികള്‍ രണ്ടിരട്ടിയിലേറെ ഉയര്‍ന്നു .

Source Livenewage