മുംബൈ: നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ഗ്രീന്‍ ഫീല്‍ഡ് പ്രൊജക്ടിന് കുറഞ്ഞ തുകയുടെ ടെന്‍ഡര്‍ സമര്‍പ്പിച്ചുവെന്ന് അശോക ബില്‍കോണ്‍ ചൊവ്വാഴ്ച പറഞ്ഞു. ഇതോടെ 1079 കോടി രൂപയുടെ ബസ്വന്ത്പൂര്‍ സിംഗോണ്ടി ആറുവരിപാതയുടെ നിര്‍മ്മാണം നടത്താനുള്ള അവകാശം കമ്പനിയ്ക്ക് സ്വന്തമായി. എന്നാല്‍ വലിയ പ്രൊജക്ട് ലഭ്യമായത് ഓഹരിവിലയില്‍ പ്രതിഫലിച്ചില്ല. ഇന്ന് 1.77 ഇടിഞ്ഞ കമ്പനി ഓഹരി 86.22 രൂപയിലാണ് വ്യാപാരത്തിലുള്ളത്.

ഇപ്പോള്‍ ലഭ്യമായിട്ടുള്ള പ്രൊജക്ട് ഭാരത്മാല പരിയോജന പ്രൊജക്ടിന്റെ ഭാഗമാണ്. 912 ദിവസത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കേണ്ട ചുമതലയാണ് കമ്പനിയ്ക്കുള്ളത്. റോഡ് നിര്‍മ്മാണം, അറ്റകുറ്റപ്പണി എന്നിവ നടത്തുന്ന സ്ഥാപനമാണ് അശോക ബില്‍ഡ്‌കോണ്‍.

2021 ഡിസംബറിലവസാനിച്ച പാദത്തില്‍ കമ്പനിയുടെ ലാഭം 392.47 കോടിരൂപയായി വളര്‍ന്നിരുന്നു. തൊട്ടുമുന്‍പത്തെ പാദത്തില്‍ ഇത് 88.45 കോടി രൂപയായിരുന്നു. കഴിഞ്ഞപാദത്തിലെ വരുമാനം 1,440.49 കോടി രൂപയാണ്.

Source Livenewage