മുംബൈ: ഫോറിന്‍ എക്‌സ്‌ചേഞ്ച് മാര്‍ക്കറ്റില്‍ ഡോളറിനെതിരെ രൂപയ്ക്ക് നേട്ടം. രൂപയുടെ മൂല്യം 22 പൈസ വര്‍ധിച്ച് 76.78 ആയി. ഡോളറിന്റെ ദൗര്‍ബല്ല്യവും ആഭ്യന്തര ഓഹരിവിപണികളുടെ ഉയര്‍ച്ചയുമാണ് രൂപയെ തുണച്ചത്. റഷ്യ -യുക്രൈന്‍ പശ്ചാത്തലത്തില്‍ രൂപ തിരിച്ചുകയറുമെന്ന് ഫോറെകസ് നിക്ഷേപകര്‍ പറയുന്നു. എങ്കിലും മാര്‍ക്കറ്റ് അനിശ്ചിതാവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്.
ഇന്റര്‍ ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ 76.90 ത്തിന് വ്യാപാരമാരംഭിച്ച രൂപ വില മെച്ചപ്പെടുത്തി 76.78 രേഖപ്പെടുത്തുകയായിരുന്നു. തുടര്‍ച്ചയായ അഞ്ചുദിവസത്തെ ഇടിവിനു ശേഷമാണ് രൂപയുടെ മൂല്യം ഉയരുന്നത്. ചൊവ്വാഴ്ച 7 പൈസ കുറഞ്ഞ് ഡോളറിനെതിരെ 77 ആയിരുന്നു രൂപയുടെ വില.
അതേസമയം ആറ് കറന്‍സികള്‍ക്കെതിരെയുള്ള ഡോളറിന്റെ മൂല്യമളക്കുന്ന ഡോളര്‍ സൂചികയില്‍ ഡോളറിന്റെ മൂല്യം 0.05 ശതമാനം ഇടിഞ്ഞ് 99.01 ആയി.
അതേസമയം എണ്ണവില വര്‍ധന ഇന്നും തുടര്‍ന്നു. ബെഞ്ച്മാര്‍ക്ക് സൂചികയായ ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറില്‍ എണ്ണവില ബാരലിന് 131.29 ആയി വര്‍ധിച്ചു.
Source Livenewage