മുംബയ്: 2022 -23 സാമ്പത്തിക വർഷവും രാജ്യത്ത് ഐ.പി.ഒ ബൂം തുടരുമെന്ന് റിപ്പോർട്ടുകൾ. 35 കമ്പനികൾക്ക് പ്രാഥമിക ഓഹരി വിൽപ്പന(ഐപിഒ)നടത്താനുള്ള അനുമതി ലഭിച്ചു കഴിഞ്ഞപ്പോൾ 33 കമ്പനികൾ ഐപിഒയ്ക്കായി അപേക്ഷ സമർപ്പിച്ച് അനുമതിക്കായി കാത്തിരിക്കുന്നു. സെന്റർ ഫോർ മോണിറ്ററിംഗ് ഓഫ് ഇന്ത്യൻ ഇക്കോണമി (സിഎംഐഇ)യുടേതാണ് റിപ്പോർട്ട്.  എൽഐസിയുടേതാണ് ഉടൻ നടക്കാനിരിക്കുന്ന മെഗാ ഐപിഒ. ഇക്കഴിഞ്ഞ സാമ്പത്തിക വർഷം 100ൽപ്പരം കമ്പനികളാണ് പ്രാഥമിക ഓഹരി വിൽപ്പന നടത്തിയത്. അതിൽ പേടിഎം ഐപിഒ 18300 കോടി രൂപ സമാഹരിച്ച് മുന്നിലെത്തി.  സൊമാറ്റോ 9380 കോടി രൂപയാണ് സമാഹരിച്ചത്.

കേന്ദ്ര ബാങ്കുകൾ ഉദാരമായ പണനയം സ്വീകരിച്ചതും ബാങ്ക് പലിശ നിരക്ക് കുറഞ്ഞതും പ്രാഥമിക വിപണിയിലേക്ക് പണത്തിന്റെ ഒഴുക്ക് വർദ്ധിക്കാൻ കാരണമായതായി സിഎംഐഇ റിപ്പോർട്ട് സൂചിപ്പിക്കുന്നു. നിലവിൽ കമ്പനികൾക്ക് ധനസമാഹരണത്തിന് ഇഷ്ടപ്പെട്ട മാർഗം ഓഹരി വിൽപ്പനയാണ്. അതേസമയം, കടപ്പത്രങ്ങളിലൂടെയും ഡിബെഞ്ചറിലൂടെയുമുള്ള  ധനസമാഹരണം ഈ വർഷം കുത്തനെ ഇടിഞ്ഞു. എന്നാൽ വിദേശ വാണിജ്യ കടമെടുപ്പ് 17.4ശതമാനം വർദ്ധിച്ചു, അതിലൂടെ കമ്പനികൾ  സമാഹരിച്ചത് 1700 ശതകോടി രൂപയാണ്.  2021-22 സാമ്പത്തിക വർഷത്തിന്റെ ആദ്യ മൂന്ന് പാദത്തിൽ പ്രാഥമിക ഓഹരി വിൽപ്പനയിലൂടെ സമാഹരിച്ചത് 90000 കോടി രൂപയായിരുന്നു. ഇത് പ്രാഥമിക വിപണിയിൽ  മൊത്തം ഓഹരി വിൽപ്പനയിലൂടെ ഉള്ള ധനസമാഹരണത്തിന്റെ 60 ശതമാനമാണ്. 2020-21 ൽ പ്രാഥമിക വിപണിയുടെ ഓഹരി വിൽപ്പനമൂല്യം 140000 കോടി രൂപയായിരുന്നു.