വിപണി വീണ്ടും ചാഞ്ചാട്ടത്തിന്റെ പാതയിലേക്ക് വീണു. സമീപകാല താഴ്ചയില്‍ നിന്നും ഒറ്റക്കുതിപ്പിന് 17,000 നിലവാരം മറികടന്ന് സൂചികകള്‍ മുന്നേറിയെങ്കിലും 17,500-ല്‍ അനുഭവപ്പെടുന്ന ശക്തമായ പ്രതിരോധക്കടമ്പ ഭേദിക്കാനാകാതെ കുഴയുന്നു. ഇതോടെ കഴിഞ്ഞ 2 ദിവസങ്ങളായി സൂചികയില്‍ തിരുത്തല്‍ നേരിടുകയാണ്. എന്നാല്‍ ഇതിനിടയിലും ചില ഓഹരികളില്‍ കുതിപ്പ് പ്രകടമാണ്. ഇത്തരത്തില്‍ മുന്നേറാന്‍ വെമ്പല്‍ കൊള്ളുന്നതായി ടെക്‌നിക്കല്‍ സൂചകമായ എംഎസിഡിയില്‍ തെളിഞ്ഞ 17 ഓഹരികളെയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

17 ഓഹരികളിലാണ് ബുള്ളിഷ് ക്രോസ്ഓവര്‍ ദൃശ്യമായത്. ഇത് ഓഹരിയില്‍ അന്തര്‍ലീനമായ കുതിപ്പിനെ സൂചിപ്പിക്കുന്നു. ഇത്തരത്തില്‍ വരും ദിവസങ്ങളില്‍ മുന്നേറ്റത്തിന് സാധ്യതയുള്ള ഓഹരികള്‍ ചുവടെ ചേര്‍ക്കുന്നു. അദാനി പവര്‍, അദാനി ഗ്രീന്‍ എനര്‍ജി, ഒഎന്‍ജിസി, ഗുജറാത്ത് ഗ്യാസ്, ബയോകോണ്‍, സി.ഇ.എസ്.സി, എംഫാസിസ്, അദ്വാനി ഹോട്ടല്‍സ്, മിശ്രദാതു നിഗം, ജിടിപിഎല്‍ ഹാത്ത്‌വേ, സുന്ദരം ക്ലേടണ്‍, കല്യാണി ഫോര്‍ജ്, അരിഹന്ത് സൂപ്പര്‍സ്ട്രക്ചര്‍, എന്‍ആര്‍ബി ഇന്‍ഡസ്ട്രിയല്‍ ബെയറിംഗ്‌സ്, എംആര്‍ഒ- ടെക് റിയാല്‍റ്റി, സുമയ്യ ഇന്‍ഡസ്ട്രീസ്, ഗാര്‍വേര്‍ ടെക് ഫൈബേര്‍സ്.

അതേസമയം, ചില ഓഹരികളില്‍ എംഎസിഡി സൂചക പ്രകാരം ദുര്‍ബലാവസ്ഥ കാണപ്പെടുന്നു. ഈ ഓഹരികള്‍ വരും ദിവസങ്ങളില്‍ ബെയറിഷ് ട്രെന്‍ഡിലേക്ക് വീഴാം. മാരികോ ലിമിറ്റഡ്, ഗ്രേറ്റ് ഈസ്‌റ്റേണ്‍ ഷിപ്പിങ്, ഐമാജിക്കാവേള്‍ഡ് എന്റര്‍ടെയിന്മെന്റ്, ബിയേര്‍ഡ്‌സെല്‍ ലിമിറ്റഡ്, പ്രകാശ് പൈപ്പ്‌സ്, ഐവിപി, ജെറ്റ് എയര്‍വേസ്, ദി വെസ്റ്റേണ്‍ ഇന്ത്യ എന്നീ ഓഹരികളില്‍ എംഎസിഡി സൂചകങ്ങള്‍ പ്രകാരം ബെയറിഷ് ട്രെന്‍ഡ് ദൃശ്യമാണ്.

എംഎസിഡി

വളരെ ഫലപ്രദവും ലളിതവുമായ മൊമന്റം ഇന്‍ഡിക്കേറ്ററാണ് മൂവിങ് ആവറേജ് കണ്‍വേര്‍ജന്‍സ് ഡൈവര്‍ജന്‍സ് അഥവാ എംഎസിഡി (MACD). രണ്ട് മൂവിങ് ആവറേജുകള്‍ തമ്മിലുള്ള അനുപാതത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ ഓഹരിയുടെ ട്രെന്‍ഡ് മനസിലാക്കുവാന്‍ സാധിക്കും. അതായത്, 26 ദിവസ ഇഎംഎയും (Exponential Moving Average) 12 ദിവസ ഇഎംഎയും തമ്മിലുള്ള വ്യത്യാസമാണ് എംഎസിഡി ലൈന്‍.

ഈ എംഎസിഡി ലൈനിന്റെ 9 ദിവസ ഇഎംഎ ഒരു സിഗ്നല്‍ ലൈന്‍ ആയി പ്രവര്‍ത്തിക്കുന്നു. എംഎസിഡി ലൈനും സിഗ്നല്‍ ലൈനുമായി ചേര്‍ന്ന് മുകളിലേക്കോ താഴേക്കോ ചാഞ്ചാടിയോ പ്രവര്‍ത്തിക്കുന്നു. ഇതിലെ കണ്‍വേര്‍ജ്, ക്രോസ്, ഡൈവേര്‍ജ് എന്നിങ്ങനെ മൂന്ന് സാഹചര്യം വിലയിരുത്തിയാവും ട്രെന്‍ഡ് മനസിലാക്കുക. എംഎസിഡി ലൈന്‍ സിഗ്നല്‍ ലൈനിനെ മറികടക്കുന്നത് (ക്രോസ്ഓവര്‍) ബുള്ളിഷ് സൂചനയാണ്.

അതേസമയം, എംഎസിഡി സൂചകത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ ട്രേഡിങ്ങിനുള്ള തീരുമാനം കൈക്കൊള്ളരുത്. കാരണം ഇതൊരു ട്രെന്‍ഡ് പിന്തുടരുന്ന സൂചകമാണ്. അതിനാല്‍ തന്നെ സിഗ്നല്‍ തെളിയാനും കാലതാമസം (Lag Effect) ഉണ്ടെന്നതും കണക്കിലെടുക്കണം. ഇതിനോടൊപ്പം റിലേറ്റീവ് സ്‌ട്രെങ്ത്ത് ഇന്‍ഡക്‌സ് (ആര്‍എസ്‌ഐ), ബോളിഞ്ചര്‍ ബാന്‍ഡ്‌സ്, ഫിബനോസി സീരീസ്, കാന്‍ഡില്‍ സ്റ്റിക്ക് പാറ്റേണ്‍, സ്റ്റോക്കാസ്റ്റിക് തുടങ്ങിയവ പോലുള്ള മറ്റ് ടെക്‌നിക്കല്‍ സൂചകങ്ങളും കൂടി വിലയിരുത്തി ട്രെന്‍ഡ് ഉറപ്പ് വരുത്തി വേണം അന്തിമ തീരുമാനം സ്വീകരിക്കേണ്ടത്.