കൊച്ചി: കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടവരുള്‍പ്പെടെയുള്ള അഭ്യസ്തവിദ്യരും പരിചയസമ്പന്നരുമായ ഉദ്യോഗാര്‍ഥികള്‍ക്ക് തൊഴിലവസരമൊരുക്കുന്ന പോര്‍ട്ടലുമായി സ്കൗട്ട് സ്റ്റാര്‍ട്ടപ്പ്.
ഉദ്യോഗാര്‍ഥികള്‍ക്ക് പുതിയ തൊഴില്‍ തേടുന്നതിനും നൈപുണ്യ വികസനത്തിനും സ്കൗട്ട് പോര്‍ട്ടലിന്‍റെ സഹായം തേടാം. കമ്പനികള്‍ക്ക് നിയമന പ്രക്രിയ ലളിതമാക്കാനും ഇതുവഴി സാധിക്കും.
വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ പരിഹരിക്കാനും നൈപുണ്യശേഷി വികസനവും ലക്ഷ്യമിട്ടാണ് സ്റ്റാര്‍ട്ടപ്പ് ആരംഭിച്ചതെന്ന് സ്കൗട്ട് ചെയര്‍മാന്‍ ഡോ.എം.അയ്യപ്പന്‍ (എച്ച്.എല്‍.എല്‍. മുന്‍ സിഎംഡി) പറഞ്ഞു.
ഉദ്യോഗാര്‍ഥികള്‍ക്ക് യോഗ്യത ഉണ്ടെങ്കിലും തൊഴില്‍ വൈദഗ്ധ്യമില്ലെന്നത് ഈ രംഗത്തെ വലിയ പ്രതിസന്ധിയാണെന്നും വിദ്യാഭ്യാസ മേഖലയിലെ കാലോചിതമായ പരിഷ്കാരങ്ങളിലൂടെ മാത്രമേ ഒരുപരിധി വരെ ഇത് പരിഹരിക്കപ്പെടുകയുള്ളൂവെന്നും കമ്പനി ഡയറക്ടര്‍ ഡോ.കുഞ്ചറിയ പി. ഐസക് (കെ.ടി.യു. മുന്‍ വൈസ് ചാന്‍സലര്‍) ചൂണ്ടിക്കാട്ടി. പ്രധാനപ്പെട്ട കമ്പനികളില്‍ മാത്രം ജോലി ആഗ്രഹിക്കുന്നവര്‍ മെച്ചപ്പെട്ട ശമ്പളത്തോടെയുള്ള ചെറുകിട കമ്പനികളെക്കുറിച്ച് അറിയുന്നില്ല. ഈ അവസ്ഥയ്ക്ക് ശാശ്വതപരിഹാരമാണ് സ്കൗട്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുവ എന്‍ജിനീയര്‍മാരായ മാത്യു പി. കുരുവിള, മാത്യൂ ജോര്‍ജ്ജ്, രാഹുല്‍ ചെറിയാന്‍ എന്നിവരാണ് സ്കൗട്ട് സ്റ്റാര്‍ട്ടപ്പിനു പിന്നില്‍.
എല്ലാ മേഖലകളിലെയും തൊഴിലന്വേഷകര്‍ക്കായി സ്കൗട്ട് നിലവില്‍ രജിസ്ട്രേഷനായി തുറന്നിട്ടുണ്ടെന്ന് സ്കൗട്ട് സിഇഒ മാത്യു കുരുവിള പറഞ്ഞു.
ഉദ്യോഗാര്‍ഥികള്‍ക്ക് യോഗ്യതയ്ക്കും തൊഴില്‍പരിചയത്തിനും അനുസരിച്ചുളള തൊഴിലുകള്‍ ഏതെന്ന് സോഫ്റ്റ് വെയറിന്‍റെ സഹായത്തോടെ കണ്ടെത്താം. വിദ്യാഭ്യാസവും മുന്‍പരിചയവും അളക്കുന്നതും ഈ മാര്‍ഗത്തിലൂടെ തന്നെയാണ്. അനുയോജ്യമായ ജോലി ഇല്ലെങ്കില്‍ അത് നേടാനായുള്ള നൈപുണ്യവികസന കോഴ്സുകളും സ്കൗട്ടിന്‍റെ ഭാഗമാണ്. കോഴ്സുകള്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് സ്കൗട്ടില്‍ തന്നെ ലിസ്റ്റ് ചെയ്തിട്ടുളള ജോലികളില്‍ അവസരം ഉണ്ടായിരിക്കും.
ആളുകളെ തങ്ങള്‍ക്ക് കഴിവുള്ള മേഖലയില്‍ കര്‍മ്മോത്സുകരാക്കുക എന്ന ലക്ഷ്യം സ്കൗട്ടിനുണ്ട്. ഉദ്യോഗാര്‍ഥികള്‍ക്ക് തങ്ങളുടെ വൈദഗ്ധ്യം അന്താരാഷ്ട്ര നിലവാരത്തിലുള്ള മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് വിലയിരുത്തുന്നതിനുള്ള അവസരം സ്കൗട്ട് വെബ്സൈറ്റിലൂടെ ലഭിക്കും. കൂടുതല്‍ ആഴത്തിലുള്ള വിശകലനത്തിന് നിര്‍മ്മിതബുദ്ധിയുടെ സഹായത്തോടെയുള്ള വിലയിരുത്തലും ലഭിക്കും.
കമ്പനികളിലെ എച്ച്.ആര്‍ വിഭാഗത്തിന്‍റെ ജോലി ലഘൂകരിക്കുന്നതാണ് സ്കൗട്ടിന്‍റെ മറ്റൊരു പ്രത്യേകത. സ്കൗട്ട് വഴി ജോലിക്കപേക്ഷിക്കുന്ന ഉദ്യോഗാര്‍ഥികളുടെ യോഗ്യത, നൈപുണ്യം എന്നിവ മികച്ച വിശകലനത്തിലൂടെയും പരിശോധനയിലൂടെയും വിലയിരുത്തുന്നതിനാല്‍ റിക്രൂട്ടിംഗ് എളുപ്പമാകുന്നു. ഉദ്യോഗാര്‍ഥികള്‍ക്ക് വേണ്ടത്ര വൈദഗ്ധ്യമില്ലെങ്കില്‍ അനുയോജ്യമായ കോഴ്സുകള്‍ സ്കൗട്ടില്‍ നിന്നു തന്നെ തെരഞ്ഞെടുക്കാനും അവസരമുണ്ട്. അതുവഴി ജോലിയിലേക്കെത്താനും സാധിക്കും. ലോകത്തെ മികച്ച കമ്പനികള്‍ സ്കൗട്ടുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.