ന്യൂഡൽഹി: ഡ്രെഡ്ജിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (ഡിസിഐ) വ്യാഴാഴ്ച ന്യൂഡൽഹിയിൽ കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡുമായി (സിഎസ്എൽ) കപ്പൽ നിർമാണ കരാർ ഒപ്പുവച്ചു. കരാർ പ്രകാരം കൊച്ചിൻ ഷിപ്പ്‌യാർഡ് ഡിസിഐക്ക് വേണ്ടി 12,000 ക്യുബിക് മീറ്റർ ശേഷിയുള്ള ബീഗിൾ-12 ട്രെയിലിംഗ് സക്ഷൻ ഹോപ്പർ ഡ്രെഡ്ജർ നിർമ്മിക്കും.  കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രി സർബാനന്ദ സോനോവാളിന്റെ സാന്നിധ്യത്തിലാണ് കരാർ ഒപ്പിട്ടത്. കൂടാതെ തുറമുഖ, ഷിപ്പിംഗ്, ജലപാത സഹമന്ത്രി ശ്രീപദ് നായിക്, നെതർലൻഡ്‌സ് അംബാസഡറായ ഡോ. മാർട്ടൻ വാൻഡേ ബെർഗ്, തുറമുഖം, ഷിപ്പിംഗ്, ജലപാത സെക്രട്ടറി സഞ്ജീവ് രഞ്ജൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.  ഡ്രെഡ്ജിംഗ് പ്രവർത്തനങ്ങൾ വർദ്ധിക്കുന്നതോടെ പ്രത്യേകിച്ച് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ 12,000 ക്യുബിക് മീറ്റർ ട്രെയിലിംഗ് സക്ഷൻ ഹോപ്പർ ഡ്രെഡ്ജറിന്റെ നിർമ്മാണം ഒരു ഗെയിം ചെയ്യ്ഞ്ചർ ആകുമെന്ന്  ഡിസിഐയുടെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ജി.വൈ.വി വിക്ടർ പറഞ്ഞു.  കൂടാതെ, ഡ്രെഡ്ജറിന്റെ നിർമ്മാണം നമ്മുടെ 'മേക്ക് ഇൻ ഇന്ത്യ' ദൗത്യത്തെ ഏകീകരിക്കുമെന്ന് സർബാനന്ദ സോനോവാൾ പറഞ്ഞു. ഡിസിഐയെയും സിഎസ്എല്ലിനേയും അദ്ദേഹം അഭിനന്ദിക്കുകയും പദ്ധതിയുടെ സാങ്കേതിക പങ്കാളിയായ ഐഎച്ച്സി ഹോളണ്ടിന് നന്ദി പറയുകയും ചെയ്തു.