ലണ്ടൻ: ഫിനാന്‍ഷ്യല്‍ ടൈംസ് തയാറാക്കിയ ഗ്ലോബല്‍ എംബിഎ 2022 റാങ്കിംഗില്‍ ഇന്ത്യയുടെ പ്രമുഖ ബിസിനസ് സ്‌കൂളുകള്‍ക്ക് തിരിച്ചടി. രാജ്യത്ത് മുന്നിലുള്ള ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസ് (ഐഎസ്ബി) അടക്കം റാങ്കിങ്ങിൽ തിരിച്ചടി നേരിട്ടു. ഈ വര്‍ഷത്തെ റാങ്കില്‍ 9 സ്ഥാനങ്ങള്‍ നഷ്ടപ്പെട്ട് ഐഎസ്ബി 32 ാം സ്ഥാനത്താണ്. ബാംഗളൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മാനേജ്‌മെന്റിന് നഷ്ടമായത് 18 സ്ഥാനങ്ങളാണ്. 53 ാം സ്ഥാനമാണ് ആഗോളതലത്തില്‍ ഇതിനുള്ളത്. കഴിഞ്ഞ വര്‍ഷം 35 ാം റാങ്കായിരുന്നു. ഐഐഎം അഹമ്മദാബാദ് 14 സ്ഥാനങ്ങള്‍ നഷ്ടപ്പെട്ട് 62 ാമതാണ്. ഐഐഎം കല്‍ക്കട്ട കഴിഞ്ഞ വര്‍ഷത്തെ 44 ാം റാങ്കില്‍ നിന്ന് 24 സ്ഥാനങ്ങള്‍ നഷ്ടപ്പെട്ട് 68 ാം സ്ഥാനത്തായി.
ബിസിനസ് സ്‌കൂളുകളില്‍ നിന്നും പൂര്‍വവിദ്യാര്‍ത്ഥികളില്‍ നിന്നുമുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പട്ടിക തയാറാക്കുന്നത്. അക്കാദമിക് റിസര്‍ച്ച്, വിദ്യാര്‍ത്ഥികളിലെയും അധ്യാപകരിലെയും വൈവിധ്യം, ശമ്പളം, ലിംഗനീതി തുടങ്ങി വിവിധ ഘടകങ്ങള്‍ കൂടി ഇതിനായി പരിഗണിക്കുന്നു. ശമ്പളത്തിന്റെ കാര്യത്തില്‍ ലോകത്ത് ഒന്നാം സ്ഥാനത്ത് ഐഎസ്ബി ഉണ്ടെന്നത് രാജ്യത്തെ ഏറ്റവും മികച്ച ബിസിനസ് സ്‌കൂളിന് നേട്ടമായി. പട്ടികയില്‍ മുന്നിലുള്ള ബി സ്‌കൂളുകളില്‍ ഭൂരിഭാഗവും യുഎസില്‍ നിന്നുള്ളവയാണ്.
Source : livenewage