കൊച്ചി: ഏതാനും മാസങ്ങളായി മൾട്ടികാപ്പ് പദ്ധതികളോട് നിക്ഷേപതാത്പര്യം ഏറുകയാണെന്നും മികച്ച ലാഭപ്രതീക്ഷയാണ് ഇതിന് കാരണമെന്നും എസ്.ബി.ഐ മ്യൂച്വൽഫണ്ട് ചീഫ് ബിസിനസ് ഓഫീസർ ഡി.പി. സിംഗ് പറഞ്ഞു. ആംഫിയുടെ കണക്കുപ്രകാരം കഴിഞ്ഞ ഡിസംബറിൽ ഈ വിഭാഗത്തിലെത്തിയ നിക്ഷേപം 10,576 കോടി രൂപയാണ്.

ഒരുവർഷത്തിനിടെ നിക്ഷേപകർക്ക് ഈ വിഭാഗത്തിൽ നിന്ന് ലഭിച്ച നേട്ടം 40 ശതമാനമാണ്. ഓഹരി വിപണി ഇപ്പോൾ ആഗോള-ആഭ്യന്തരതലങ്ങളിൽ നിന്ന് കനത്ത വെല്ലുവിളികൾ നേരിടുന്നുണ്ട്; വൻ ചാഞ്ചാട്ടവും ദൃശ്യമാണ്. എന്നാൽ, ഇതൊന്നും നിക്ഷേപകർക്ക് നേട്ടം ഉറപ്പാക്കാനുള്ള തടസങ്ങളല്ലെന്ന് വ്യക്തമാക്കുന്നതാണ് മൾട്ടികാപ്പ് പദ്ധതികളുടെ പ്രകടനം.

കുറഞ്ഞത് 25 ശതമാനം വീതമെങ്കിലും ലാർജ്, മിഡ്, സ്മോൾകാപ്പ് പദ്ധതികളിൽ ശ്രദ്ധാപൂർവം നിക്ഷേപിക്കുന്ന ഓപ്പണ എൻഡഡ് ഇക്വിറ്റി പദ്ധതികളാണ് മൾട്ടികാപ്പ് ഫണ്ടുകൾ. വിപണി ചാഞ്ചാടിയാലും ലാർജ്കാപ്പുകളുടെ വളർച്ചാസ്ഥിരതയും സ്മോൾകാപ്പുകളുടെ മികച്ച വളർച്ചാസാദ്ധ്യതയും നിക്ഷേപത്തെ സന്തുലിതമാക്കി നിറുത്തും. ഇത് നഷ്‌ടം കുറയ്ക്കാൻ സഹായിക്കും.

ഒറ്റ പദ്ധതിയിലൂടെ തന്നെ വിപണിയിലെ എല്ലാ വിഭാഗങ്ങളിലേക്കും നിക്ഷേപകന് എത്താമെന്നതാണ് മൾട്ടികാപ്പുകളുടെ സവിശേഷത. നിക്ഷേപത്തിൽ വൈവിദ്ധ്യവത്കരണമാണ് ഇവിടെ ഉദ്ദേശിക്കുന്നത്. ദീർഘകാല നിക്ഷേപത്തിലൂടെ നേട്ടം കൊയ്യാൻ ശ്രമിക്കുന്നവർക്ക് അനുയോജ്യമാണിവയെന്നും അദ്ദേഹം പറഞ്ഞു

Source : Livenewage