ന്യൂഡൽഹി: ഐപിഒക്കൊരുങ്ങുന്നതിന് മുന്നോടിയായി പുറത്തു നിന്ന് ആറ് സ്വതന്ത്ര ഡയറക്ടർമാരെ കമ്പനി ബോർഡിൽ നിയമിച്ച് പൊതുമേഖലാ ഇൻഷുറൻസ്  കമ്പനിയായ എൽഐസി. മുൻ കേന്ദ്ര ധനകാര്യ സേവന സെക്രട്ടറി അഞ്ചുലി ഛിബ് ദുഗ്ഗൽ,  സെബി മുൻ അംഗം ജി. മഹാലിംഗം, എസ്ബിഐ  ലൈഫ് മുൻ മാനേജിങ് ഡയറക്ടർ സഞ്ജീവ് നൗട്ടിയാൽ, ചാർട്ടേഡ് അക്കൗണ്ടന്‍റ് എം.പി. വിജയകുമാർ, രാജ് കമൽ, വി.എസ്. പാർഥസാരഥി  എന്നിവരാണ് പുതുതായി നിയമിതരായത്. ഇതോടെ സ്വതന്ത്ര ഡയറക്ടർമാരുടെ എണ്ണം ഒമ്പതായി ഉയർന്നു.

പ്രാഥമിക ഓഹരി വിൽപനക്ക് ഈയാഴ്ച തന്നെ കേന്ദ്രം നടപടി തുടങ്ങുമെന്നാണ് കരുതുന്നതെന്ന്  നിക്ഷേപ-പൊതു ആസ്തി കൈകാര്യ വകുപ്പ് സെക്രട്ടറി തുഹിൻ കാന്ത പാണ്ഡെ  പറഞ്ഞു. മാർച്ചിൽ വിപണിയിലെത്തുമെന്നും പ്രതീക്ഷിക്കുന്നു. വിൽക്കുന്ന ഓഹരിയുടെ പത്തു ശതമാനം പോളിസി ഉടമകൾക്കായി മാറ്റിവെച്ചിട്ടുണ്ട്. നടപ്പുവർഷം സർക്കാർ കണക്കാക്കിയ വരുമാന ലക്ഷ്യം നേടാൻ കഴിയാത്തതിനാൽ എൽഐസി ഐപിഒയെ വലിയ പ്രതീക്ഷയോടെയാണ് കേന്ദ്രം  കാണുന്നത്. ഐപിഒ നടപടികൾ സുഗമമാക്കുന്നതിനായി ചെയർമാൻ എം. ആർ. കുമാറിന്‍റെ ഔദ്യോഗിക  കാലാവധി ഒരു വർഷത്തേക്ക് നീട്ടി നൽകുകയും ചെയ്തിട്ടുണ്ട്.