ധനകമ്മി പ്രതീക്ഷിച്ചതിലും കൂടുമെന്ന് വ്യക്തമായതും പൊതുവിപണിയില്നിന്ന് വന്തോതില് കടമെടുക്കേണ്ടിവരുമെന്ന ബജറ്റ് പ്രഖ്യാപനവും കടപ്പത്ര വിപണിയെ സമ്മര്ദത്തിലാക്കി. ഇതോടെ സര്ക്കാര് കടപ്പത്രങ്ങളുടെ ആദായം കുതിച്ചുയര്ന്നു.
10വര്ഷക്കാലാവധിയുള്ള സര്ക്കാര് ബോണ്ടുകളുടെ ആദായം 6.68ശതമാനത്തില്നിന്ന് 6.92ശതമാനമായാണ് ഉയര്ന്നത്. കടപ്പത്ര വിപണി സമ്മര്ദംനേരിട്ടതോടെ ഡെറ്റ് മ്യൂച്വല് ഫണ്ടുകളുടെ ആദായത്തില് ഇടിവുണ്ടായി.
അടുത്ത സാമ്പത്തിക വര്ഷം വിപണിയില്നിന്ന് 14.95 ലക്ഷം കോടി രൂപ കടമെടുക്കേണ്ടിവരുമെന്നാണ് ബജറ്റില് പറയുന്നത്. വിപണി വിലയിരുത്തിയതിനേക്കാള് ഉയര്ന്ന തുക കടമെടുക്കേണ്ടിവരുമെന്ന് ഉറപ്പായതോടെയാണ് ബോണ്ട് ആദായത്തില് വര്ധനവുണ്ടാക്കിയത്.
കോവിഡിന്റെ ആഘാതത്തിനിടയില് സമ്പദ്ഘടനയെ താങ്ങാന് വിപണിയില് വന്തോതില് പണ ലഭ്യത ഉറപ്പാക്കാനുള്ള നടപടികള് റിസര്വ് ബാങ്ക് സ്വീകരിച്ചിരുന്നു. പണപ്പെരുപ്പം ഉയര്ന്ന നിലവാരത്തില് തുടരുന്നതിനാല് ബോണ്ട് വാങ്ങല് പദ്ധതിയില്നിന്ന് ഘട്ടംഘട്ടമായി പിന്മാറാന് ആര്ബിഐ നീക്കംതുടങ്ങിയപ്പോള്തന്നെ കടപ്പത്ര വിപണിയെ ബാധിച്ചിരുന്നു.
കടമെടുക്കുന്ന തുകയില് വര്ധനവുണ്ടായതിനാല് നിക്ഷേപകരെ കണ്ടെത്താന് ആര്ബിഐക്ക് മറ്റുനടപടികളും സ്വീകരിക്കേണ്ടിവരും. ആദായത്തില് ഇനിയും വര്ധനവുണ്ടാകാന് അതിടയാക്കുകയുംചെയ്യുമെന്നാണ് വിലയിരുത്തല്.
ഈ സാഹചര്യത്തില് ഫെബ്രുവരി ഒമ്പതിന് പ്രഖ്യാപിക്കുന്ന റിസര്വ് ബാങ്കിന്റെ പണവായ്പാ നയം നിര്ണായകമാണ്. കടപ്പത്ര ആദായം വര്ധിച്ചാല് ഭാവിയില് നിരക്കുയര്ത്തല് നടപടികളുമായി റിസര്വ് ബാങ്കിന് മുന്നോട്ടുപോകേണ്ടിവരും. വായ്പ-നിക്ഷേപ പലിശയിലും അത് പ്രതിഫലിക്കും.
Source : Newliveage