കൊച്ചി: നഷ്ടങ്ങളെല്ലാം നികത്തി ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് മികച്ച നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. 1039പോയിന്റുകള്‍ നേട്ടത്തില്‍ സെന്‍സെക്‌സ് 56,816 ലും 312 പോയിന്റുകള്‍ ഉയര്‍ന്ന നിഫ്റ്റി 16975 ലും ക്ലോസ് ചെയ്തു. ആഗോള സൂചികകളിലെ മുന്നേറ്റം, ഫെഡറല്‍ റിസര്‍വ് മീറ്റിംഗ്, ഇന്ത്യന്‍ അനിശ്ചിതത്വ സൂചിക ഇടിഞ്ഞത്, എല്ലാ മേഖലകളുടേയും മുന്നേറ്റം എന്നിവ സൂചികകള്‍ക്ക് അനുകൂലമായി ഭവിച്ചു. ഇന്ത്യന്‍ ഓഹരി സൂചികകളെ നേട്ടത്തിലേയ്ക്ക് നയിച്ച കാരണങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
1. ആഗോള വിപണികളുടെ സ്വാധീനം
ആഗോളവിപണികളെല്ലാം നേട്ടത്തില്‍ ക്ലോസ് ചെയ്തത് ഇന്ത്യന്‍ വിപണിയെ സഹായിച്ചു. ചൈനയിലെ ഷാങ്ഗായ് കോമ്പസിറ്റും ഹോങ്കോങ്ങിന്റെ ഹാങ്‌സെന്നു യഥാക്രമം 3.5 ശതമാനവും ഒന്‍പതുശതമാനവും നേട്ടമുണ്ടാക്കിയതുള്‍പ്പടെ ഏഷ്യന്‍ മാര്‍ക്കറ്റുകള്‍ മുന്നേറി. ജപ്പാന്റെ നിക്കൈ, ആസ്‌ട്രേലിയയുടെ എഎസ്എക്‌സ് 200, ദക്ഷിണാഫ്രിക്കയുടെ കോസ്പി എന്നിവ ഒരു ശതമാനത്തിലേറെ നേട്ടമുണ്ടാക്കി. കരടികളുടെ പിടിയിലമര്‍ന്ന ടെക് കമ്പനികളായ ടെന്‍സെന്റ്, ആലിബാബ എന്നിവയുടെ നേട്ടമാണ് ചൈനീസ് വിപണികളില്‍ പ്രതിഫലിച്ചത്.
യു.എസില്‍ ലിസ്റ്റ് ചെയ്ത ചൈനീസ് കമ്പനികളുടെ അഭിവൃദ്ധിയ്ക്കുവേണ്ടി ഇരുരാജ്യങ്ങളും തമ്മില്‍ സഹകരണം സാധ്യമായത് വിപണികളെ പോസിറ്റീവാക്കി. ഇന്നലെ യു.എസ് മാര്‍ക്കറ്റുകളിലും ഇന്ന് യൂറോപ്യന്‍ മാര്‍ക്കറ്റിലും കണ്ട പോസിറ്റീവ് മുന്നേറ്റമാണ് ഏഷ്യന്‍ മാര്‍ക്കറ്റില്‍ പ്രതിഫലിച്ചത്.
2. ഫെഡറല്‍ റിസര്‍വ് മീറ്റിംഗ്
ബുധനാഴ്ച രാത്രി പ്രഖ്യാപിക്കാനിരിക്കുന്ന യു.എസ് പലിശനിരക്കിലേയ്ക്ക് കണ്ണും നട്ടിരിക്കുകയാണ് ആഗോള വിപണികള്‍. യുദ്ധ പശ്ചാത്തലത്തില്‍ 25 ബിപിഎസ് പലിശനിരക്ക് വര്‍ധനവുമാത്രമേ ഉണ്ടാകൂ എന്ന പ്രതീക്ഷയിലാണ് ലോകം. കോവിഡും റഷ്യ യുെ്രെകന്‍ യുദ്ധവും കാരണം സംഭവിച്ച സാമ്പത്തിക പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന അവസരത്തിലാണ് ഫെഡ് റിസര്‍വ് പലിശ നിരക്കുയര്‍ത്താന്‍ തയ്യാറാകുന്നത്. യുദ്ധം കാരണം വിതരണ ശൃംഖലകള്‍ താറുമാറാവുകയും തൊഴില്‍ ലഭ്യതക്കുറവ് അനുഭവപ്പെടുകയും ചെയ്യുന്നു. ഇത്തരം ദുര്‍ഘട സാഹചര്യങ്ങളില്‍ നിന്നും കരകയറാനുള്ള സമ്പദ് വ്യവസ്ഥയുടെ ത്രാണി കുറക്കാത്ത വിധത്തിലായിരിക്കും പലിശ നിരക്കുകള്‍ നിശ്ചയിക്കുകയെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു.
0.25 ശതമാനമെന്ന തോതിലായിരിക്കും പലിശനിരക്കുകള്‍ ആദ്യഘട്ടത്തില്‍ വര്‍ധിപ്പിക്കുകയെന്ന് ഫെഡ് ചെയര്‍ ജെറോമി പവല്‍ നേരത്തെ പ്രസ്താവിച്ചിരുന്നു. ക്രമേണ കൂടിയ നിരക്കില്‍ പലിശ നിരക്ക് വര്‍ധിപ്പിക്കാനാണ് ഫെഡ് റിസര്‍വ് പദ്ധതിയിടുന്നത്. എന്നാല്‍ പുതിയ പരിഷ്‌ക്കാരങ്ങള്‍ കാരണം സമ്പദ് വ്യവസ്ഥ കോവിഡ് രൂക്ഷമായ കാലത്തേയ്ക്ക് തിരിച്ചു പോകുമോ എന്ന ഭയവും നിലനില്‍ക്കുന്നു.എന്നാല്‍ വിതരണ ശൃംഖല ശക്തമാകുന്നതോടെ വിലകയറ്റം കെട്ടടങ്ങുമെന്നാണ് ജെറോമി പവല്‍ പറയുന്നത്.
അതേസമയം ചൈനയില്‍ ഈയിടെ പ്രഖ്യാപിച്ച ലോക് ഡൗണ്‍ കാരണം വിതരണശൃംഖല വീണ്ടും താറുമാറായ അവസ്ഥയാണുള്ളത്. ആപ്പിള്‍പോലുള്ള കമ്പനികള്‍ അസംസ്‌കൃതവസ്തുക്കളുടെ കുറവ് അനുഭവിക്കുന്നുണ്ട്.വിലകയറ്റം കൂടതലും കുറവുമല്ലാത്ത അവസ്ഥ നിലനിര്‍ത്തി സമ്പദ് വ്യവസ്ഥയെ മുന്നോട്ടുനയിക്കാനാണ് ഫെഡ് റിസര്‍വ് ശ്രമിക്കുന്നത്.
3. ഇന്ത്യന്‍ അസ്ഥിരത സൂചിക
ഇന്ത്യന്‍ വിപണിയില്‍ നിലനിന്നിരുന്ന അസ്ഥിരതയ്ക്ക് ശമനം വന്നിട്ടുണ്ട്. അസ്ഥിരത കാണിക്കുന്ന ഇന്ത്യ വൊളറ്റൈല്‍ സൂചിക ഇന്ന് 7.3 ശതമാനം ഇടിഞ്ഞ് 24.77 ലെത്തി. ഫെബ്രുവരി 24 ന് ഇത് 34 ആയിരുന്നു. വിപണിയിലെ അസ്ഥിരത ഇനിയും താഴുമെന്നുതന്നെയാണ് വിദഗ്ധര്‍ കരുതുന്നത്.
4. എല്ലാ മേഖലകളുടേയും മുന്നേറ്റം
ഇന്ന് വിപണിയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന എല്ലാ മേഖലകളില്‍ നിന്നുള്ള ഓഹരികളും മികച്ച മുന്നേറ്റം നടത്തി. ലോഹസൂചിക നാലുശതമാനം തിരുത്തലുകള്‍ വരുത്തിയ ശേഷം മൂന്നുശതമാനം ഉയര്‍ന്നു. നിഫ്റ്റി ബാങ്ക്, ഓട്ടോ, ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്നിവ 1.8 ശതമാനം നേട്ടമുണ്ടാക്കിയപ്പോള്‍ ഐടി എഫ്എംസിജി എന്നിവ ഒരു ശതമാനം നേട്ടമുണ്ടാക്കി. നിഫ്റ്റി മിഡക്യാപ്പ് സ്‌മോള്‍ക്യാപ്പ് ഓഹരികള്‍ യഥാക്രമം 1.7 ശതമാനം, 1 ശതമാനം എന്നിങ്ങനെ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.
Source liveNewage