മുംബൈ: പ്രമുഖ കാറോട്ടമത്സരമായ ഫോര്‍മുല വണ്ണുമായുള്ള പങ്കാളിത്തം നിലവില്‍വന്നതിനെ തുടര്‍ന്ന് ടാറ്റ കമ്യൂണിക്കേഷന്‍സിന്റെ ഓഹരികള്‍ ഇന്ന് 2.97 ശതമാനം ഉയര്‍ന്നു. 1159.10 രൂപയ്ക്കാണ് ടാറ്റ കമ്യൂണിക്കേഷന്‍സില്‍ വ്യാപാരം നടക്കുന്നത്.

പുതിയ പങ്കാളിത്ത കരാര്‍ പ്രകാരം ഫോര്‍മുലവണ്ണിന്റെ സംപ്രേഷണ അവകാശം നിശ്ചയിക്കുന്നത് ടാറ്റ കമ്യൂണിക്കേഷന്‍സായിരിക്കും. ആഗോളതലത്തില്‍ വീഡിയോ സംപ്രേഷണത്തിലൂടെ ഫോര്‍മുലവണ്ണിന്റെ ജനകീയത കമ്പനി ശക്തിപ്പെടുത്തും. 180 ഓളം പ്രദേശങ്ങളിലുള്ള 500 മില്ല്യണ്‍ ആരാധകരിലേയ്ക്ക് എളുപ്പത്തില്‍ ഫോര്‍മുല വണ്‍ മത്സരങ്ങള്‍ തത്സമയം എത്തിക്കുന്നതിന് ആധുനിക സജ്ജീകരണങ്ങള്‍ കമ്പനി ശക്തിപ്പെടുത്തിയിട്ടുണ്ട്.

ഗ്രാന്‍ഡ് പ്രിക്‌സ് മത്സരങ്ങള്‍ നടക്കുന്ന ഇടങ്ങളില്‍ നിന്നും ഫോര്‍മുലവണ്‍ മീഡിയ സെന്ററിലേയ്ക്കുള്ള വീഡിയോ സിഗ്നലുകളുടെ കൈമാറ്റമാണ് ടാറ്റ ഉറപ്പുവരുത്തുന്നത്. ഇത്തരത്തിലുള്ള പ്രവര്‍ത്തനത്തിലൂടെ 2020 ല്‍ ഫോര്‍മുലവണ്‍ മീഡിയ സെന്ററിന്റ ചരക്ക് മാറ്റ ചെലവ് 34 ശതമാനമാക്കി കുറയ്ക്കാന്‍ ടാറ്റ കമ്യൂണിക്കേഷന്‍സിന് സാധിച്ചിരുന്നു. 190 രാജ്യങ്ങളിലും ഭൂപ്രദേശങ്ങളിലും സാന്നിധ്യമുള്ള, ആഗോളതലത്തില്‍ ഡിജിറ്റല്‍ അന്തരീക്ഷം സൃഷ്ടിക്കുന്ന, വേഗത്തില്‍ വളരുന്ന ഡിജിറ്റല്‍ സ്ഥാപനമാണ് ടാറ്റ കമ്യൂണിക്കേഷന്‍സെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

 

Source Livenewage