മുംബൈ: അടുത്തവർഷം മുതൽ ആദായ നികുതി റിട്ടേൺ ഫോമുകളിൽ (ഐടിആർ) ക്രിപ്റ്റോകറൻസിയിൽനിന്നുള്ള വരുമാനം കാണിക്കാൻ പ്രത്യേക കോളമുണ്ടാകുമെന്നു കേന്ദ്ര റവന്യു സെക്രട്ടറി തരുണ്‍ ബജാജ്. ഏപ്രിൽ ഒന്നുമുതൽ ക്രിപ്റ്റോ ഇടപാടുകൾക്ക് 30 ശതമാനം നികുതി, സർചാർജ്, സെസ് എന്നിവ ഈടാക്കിത്തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ക്രിപ്റ്റോ ഇടപാടുകളെ നിയമവിരുദ്ധ പ്രവർത്തനമായല്ല സർക്കാർ കാണുന്നത്. എന്നാൽ ഇത്തരം കറൻസികൾ പണമടവിനുള്ള ഔദ്യോഗിക ഉപാധികളല്ല. ക്രിപ്റ്റോ ഇടപാടുകൾ നികുതിവിധേയമാക്കിയെന്നു കരുതി അവയെ ഔദ്യോഗിക പണമടവ് ഉപാധിയായി സർക്കാർ അംഗീകരിച്ചെന്ന് അർഥമില്ല. ഇടപാടു നടത്തുന്ന രണ്ടു പേരാണ് അതിന്റെ വിലയും മറ്റും നിശ്ചയിക്കുന്നത്. ഇത്തരം ഇടപാടുകളിലൂടെ വലിയ നഷ്ടം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഊഹക്കടച്ചവടത്തിൽനിന്നുള്ള വരുമാനംപോലെയാണു ക്രിപ്റ്റോ വരുമാനങ്ങളെയും സർക്കാർ കാണുന്നത്.
ഇതിനോടകംതന്നെ ക്രിപ്റ്റോയിൽനിന്നുള്ള നേട്ടങ്ങൾക്കു നികുതി അടയ്ക്കുന്നവരുണ്ട്. ചിലർ മറച്ചുവയ്ക്കുകയാണു ചെയ്യുന്നത്. സ്രോതസിൽ നികുതി (ടിഡിഎസ്) ഈടാക്കുന്നതോടെ എല്ലാ ക്രിപ്റ്റോ ഇടപാടുകളുടെയും വിവരങ്ങൾ ആദായ നികുതി വകുപ്പിനു ലഭിക്കും. നികുതി വെട്ടിപ്പ് തടയാൻ സാധിക്കും. ജൂലൈ ഒന്ന് മുതലാകും ഒരു ശതമാനം ടിഡിഎസ് ഈടാക്കൽ നിലവിൽവരിക’’- തരുൺ ബജാജ് അറിയിച്ചു.
അതേസമയം, ക്രിപ്റ്റോ ഇടപാടുകളിൽ കേന്ദ്രം കൂടുതൽ വ്യക്തത നല്കേണ്ടതുണ്ടെന്നാണു ക്രിപ്റ്റോ നിക്ഷേപകർ പറയുന്നത്. ക്രിപ്റ്റോ നിയന്ത്രണനിയമം വരുന്നതോടെയേ ഇക്കാര്യത്തിൽ കൃത്യത വരികയുള്ളുവെന്നും വിലയിരുത്തലുണ്ട്.
ഇക്കഴിഞ്ഞ ശീതകാല സമ്മേളനത്തിൽ ക്രിപ്റ്റോ നിയമം അവതരിപ്പിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും നിയമാവതരണം നടന്നിരുന്നില്ല. കൂടുതൽ ചർച്ചകളും കൂടിക്കാഴ്ചകളും നടത്താനുള്ളതുകൊണ്ടാണു ബിൽ വൈകുന്നതെന്നാണു റിപ്പോർട്ടുകൾ.