മുംബൈ: ഇന്ത്യന്‍ ഓഹരിവിപണി തുടര്‍ച്ചയായ രണ്ടാം ദിവസവും നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. നാറ്റോ അംഗത്വത്തിന് വേണ്ടി സമ്മര്‍ദ്ദം ചെലുത്തില്ലെന്ന യുക്രാനിയന്‍ പ്രസിഡന്റിന്റെ വിശദീകരണവും യു.എസ് ഫെഡ് റിസര്‍വിന്റെ അയഞ്ഞ സമീപനവും സംസ്ഥാന തെരഞ്ഞെടുപ്പ് അഭിപ്രായ സര്‍വേകളും വിപണിയെ സ്വാധീനിച്ചു.

ഭാരതീയ ജനതാ പാര്‍ട്ടി ഉത്തര്‍ പ്രദേശ്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലും ആം ആദ്മി പാര്‍ട്ടി പഞ്ചാബിലും കേവല ഭൂരിപക്ഷം നേടുമെന്ന ഇന്ത്യ ടുഡേ - ആക്‌സിസ് അഭിപ്രായ സര്‍വേ, റഷ്യ -യുക്രൈന്‍ നിലപാടുകളലെ അയവ്, ഗവണ്‍മെന്റിന്റെയും ആര്‍ബിഐയുടെയും നയങ്ങള്‍ എന്നിവ വിപണിയ്ക്ക് സമ്മാനിച്ചത് 2 ശതമാനം നേട്ടമാണ്.

നിഫ്റ്റി 331 പോയിന്റുകള്‍ ഉയര്‍ന്ന് 16,300ലും സെന്‍സെക്‌സ് 1,223 പോയിന്റുകള്‍ നേടി 54647.33ലും ക്ലോസ് ചെയ്തു.

ഏഷ്യന്‍ പെയ്ന്റ്‌സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ബജാജ് ഫിനാന്‍സ്, എംആന്റ്എം, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് എന്നീ കമ്പനികള്‍ നേട്ടത്തില്‍ മുന്നില്‍ നില്‍ക്കുന്നു. അതേസമയം ശ്രീസിമന്റ്, പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍, ഒഎന്‍ജിസി, എന്‍ടിപിസി, കോള്‍ ഇന്ത്യ എന്നീ കമ്പനികള്‍ക്കാണ് കൂടൂതല്‍ നഷ്ടം നേരിടേണ്ടി വന്നത്.

ലോഹമൊഴികെയുള്ള മറ്റു മേഖലകളെല്ലാം 2 മുതല്‍ മൂന്നു ശതമാനം നേട്ടം കൈവരിച്ചു. ബിഎസ്ഇ സ്‌മോള്‍ക്യാപ്പും മിഡ്ക്യാപ്പും 2 ശതമാനം ഉയര്‍ച്ച കൈവരിച്ചു.

Source Livenewage