ഐഎസ്‌എല്ലില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ സിറ്റി എഫ്‌സി വിജയമെന്താണെന്നു പോലും മറന്നിരിക്കുകയാണ്.

സീസണില്‍ തുടര്‍ച്ചയായ ഏഴാമത്തെ കളിയിലും അവര്‍ക്കു വിജയിക്കാനായില്ല. ഫറ്റോര്‍ഡ സ്‌റ്റേഡിയത്തില്‍ നടന്ന സീസണിലെ 80ാമത്തെ മല്‍സരത്തില്‍ മുന്‍ ജേതാക്കളായ എടിക്കെ മോഹന്‍ ബഗാനുമായി മുംബൈ 1-1ന്റെ സമനില സമ്മതിക്കുകയായിരുന്നു. വിജയം അകന്നുപോയെങ്കിലും പോയിന്റ് പട്ടികയില്‍ നേരിയ മുന്നേറ്റം നടത്താന്‍ മുംബൈയ്ക്കു സാധിച്ചു. ഒരു സ്ഥാനം മെച്ചപ്പെടുത്തിയ അവര്‍ ആറാമതെത്തിയിരിക്കുകയാണ്. എടിക്കെയാവട്ടെ അഞ്ചാംസ്ഥാനത്തും തുടരുന്നു. എടിയ്‌ക്കെയ്ക്കു 20ഉം മുംബൈയ്ക്കു 19ഉം പോയിന്റാണുള്ളത്.

പ്രതീക്ഷിക്കപ്പെട്ടതു പോലെ വളരെ ആവേശകരമായിരുന്നു മുംബൈ-എടിക്കെ പോര്. രണ്ടു ഗോളുകളും പിറന്നത് ആദ്യ പകുതിയിലായിരിന്നു. എട്ടാം മിനിറ്റില്‍ ഡേവിഡ് വില്ല്യംസിലൂടെ എടിക്കെയാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ 24ാം മിനിറ്റില്‍ പ്രീതം കോട്ടാലിന്റെ സെല്‍ഫ് ഗോളില്‍ മുംബൈ സമനില കണ്ടെത്തുകയായിരുന്നു. രണ്ടാംപകുതിയില്‍ ഒരു ഗോള്‍ പോലും കണ്ടില്ലെന്നത് നിരാശാജനകമാണ്. കാരണം ഇരുടീമുകളും വിജയഗോളിനായി രണ്ടാംപകുതിയില്‍ എല്ലാ അടവുകളും പയറ്റി നോക്കിയിരുന്നു.

മുംബൈയ്ക്കായിരുന്നു നേരിയ മുന്‍തൂക്കം. ഐഗര്‍ ആംഗ്യുലോയ്ക്കു മുംബൈയുടെ വിജയഗോളിനായി ചില അവസരങ്ങള്‍ കിട്ടിയെങ്കിലും ഗോള്‍കീപ്പറെ കബളിപ്പിക്കാനായില്ല. ലാലിയന്‍സുവാല മുംബൈയ്ക്കു വേണ്ടി ഗ്രൗണ്ടില്‍ തീപ്പൊരി പാറിച്ചു. പക്ഷെ എടിക്കെ ഗോളി അമരീന്ദര്‍ സിങ് പാറപോലെ ഉറച്ചുനിന്നതോടെ മുംബൈയ്ക്കു മുട്ടുമടക്കേണ്ടി വന്നു. എടിക്കെയ്ക്കും ചില അവസരങ്ങള്‍ രണ്ടാം പകുതിയില്‍ ലഭിച്ചെങ്കിലും അവ മുംബൈയ്ക്കു ലഭിച്ചതു പോലെ അത്ര മികച്ചതായിരുന്നില്ല.

കളിയാരംഭിച്ച്‌ രണ്ടാം മിനിറ്റില്‍ തന്നെ എടിക്കെ ഗോളി അമരീന്ദറിനു ആദ്യ സേവ് നടത്തേണ്ടി വന്നു. ബോക്‌സിനു പുറത്ത്, ഇടതു മൂലയില്‍ വച്ച്‌ മുംബൈയ്ക്കു അനുകൂലമായി ഫ്രീകിക്ക് ലഭിക്കുകയായിരുന്നു. ബോക്‌സിലേക്കു അപകടകരമായ രീതിയില്‍ താഴ്ന്നിറങ്ങിയ ഫ്രീകിക്ക് ഗോളി ഉയര്‍ന്നു ചാടി പഞ്ച് ചെയ്ത് അകറ്റുകയായിരുന്നു. ഒമ്ബതാം മിനിറ്റില്‍ മുംബൈ താരം ജാഹുവിന് സംഭവിച്ച ഒരു പിഴവ് മുതസെടുത്ത വില്ല്യംസ് എടിക്കെയെ മുന്നിലെത്തിച്ചു. സ്വന്തം ബോക്‌സിനു തൊട്ടു പുറത്തു വച്ച്‌ ജാഹുവിന്റെ കാലില്‍ നിന്നും വില്ല്യംസ് പന്ത് തട്ടിയെടുക്കുകയായിരുന്നു. ബോക്‌സിനകച്ചു വച്ചാണ് പന്ത് വില്ല്യംസിന്റെ കാലിലേക്കു വന്നത്. അപ്പോള്‍ അകത്തു ഗോളിയും ജാവുഹവും മറ്റൊരു മുംബൈ താരവും മാത്രം. ടാക്കിള്‍ ചെയ്യാന്‍ ശ്രമിച്ച ജാഹുവിനെ മറികടന്ന വില്ല്യംസ് സെന്ററില്‍ നിന്നും തൊടുത്ത ഗ്രൗണ്ട് ഷോട്ട് ഗോളിയെ കാഴ്ചക്കാരനാക്കി വലയുടെ ഇടതുമൂലയില്‍ കയറി.

പിന്നീട് എടിക്കെ രണ്ടാം ഗോളിനായി ആക്രമിച്ചു കളിക്കുന്നതാണ് കണ്ടത്. അവരുടെ തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ കാരണം മുംബൈയ്ക്കു പ്രതിരോധത്തിലേക്കു വലിയേണ്ടി വന്നു. 12ാം മിനിറ്റില്‍ എടിക്കെയ്ക്കു ലീഡുയര്‍ത്താന്‍ നല്ലൊരു അവസരം ബോക്‌സിനകത്തു വച്ച്‌ ലഭിച്ചെങ്കിലും അതു വലയിലെത്തിക്കാനായില്ല. 24ാം മിനിറ്റില്‍ എടിക്കെയെ സ്തബ്ധരാക്കി മുംബൈ സമനില പിടിച്ചുവാങ്ങി. ഇടതു വിങിലൂടെയുള്ള മുന്നേറ്റത്തിനൊടുവിലായിരുന്നു ഗോള്‍. പന്തുമായി ഓടിക്കയറിയ മുംബൈ താരം ബിപിന്‍ സിങ് ബോക്‌സിനു കുറുകെ ക്രോസ് നല്‍കുകയായിരുന്നു. എന്നാല്‍ ഇത് ബോക്‌സിനു കുറുകെ എത്തു മുമ്ബ് തന്നെ ഇടതുമൂലയില്‍ നിന്നും ഹെഡ്ഡറിലുടെ ക്ലിയര്‍ ചെയ്യാനുള്ള എടിക്കെ നായകന്‍ കോട്ടാലിന്റെ ശ്രമം ദുരന്തമായി. താരത്തിന്റെ ഹെഡ്ഡര്‍ നേരെ സ്വന്തം വലയിലേക്കാണ് പോയത്. ഗോളിക്കു അപ്പോള്‍ നോക്കി നില്‍ക്കാനേ ആയുള്ളൂ.\

Source : Livenewage