മുംബൈ: ക്രൂഡ് ഓയില്‍ വില എട്ടുവര്‍ഷത്തെ റെക്കോര്‍ഡ് ഭേദിച്ചതോടെ ഓയില്‍ ആന്റ് നാച്ച്വറല്‍ ഗ്യാസ് കോര്‍പറേഷന്റെ (ഒഎന്‍ജിസി) ഓഹരികള്‍ കുതിച്ചു. ഇന്ന് ഇതുവരെ 3.4 ശതമാനം വര്‍ധന ഒഎന്‍ജിസി ഓഹരി രേഖപ്പെടുത്തി.

ബ്രെന്റ് ക്രൂഡ് ഓയില്‍ വില ഇന്ന് ബാരലിന് 118 ഡോളര്‍ കവിഞ്ഞു. യുക്രൈന്‍ - റഷ്യ യുദ്ധം തുടങ്ങിയതിനുശേഷം മൂന്നു ശതമാനമാണ് ക്രൂഡ് ഓയില്‍ വിലയില്‍ വര്‍ധനയുണ്ടായത്. പാശ്ചാത്യരാഷ്ട്രങ്ങള്‍ പ്രഖ്യാപിച്ച ഉപരോധങ്ങള്‍ മൂലം റഷ്യ എണ്ണകയറ്റുമതി നിര്‍ത്തിയേക്കാമെന്ന ഭയമാണ് എണ്ണ വര്‍ധനവിന് പിന്നില്‍.

അതേസമയം ഓഹരിവില ബാരലിന് 145 ഡോളറിലധികം വര്‍ധിക്കുമെന്ന് ദല്ലാളായ ടിഡി സെക്യൂരിറ്റീസ് പ്രവചിച്ചു. മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ കണക്കില്‍ വര്‍ധന 125 ഡോളര്‍ വരെയാണ്.

എണ്ണവിലവര്‍ധന വിലകയറ്റത്തിന് കാരണമാകുകയും കമ്പനികളുടെ പ്രകടനത്തേയും ലാഭത്തേയും ബാധിക്കുകയും ചെയ്യും. ഇത് ഓഹരിവിപണികളിലും പ്രതിഫലിക്കും. മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ വിദഗ്ദ്ധര്‍ പറയുന്നതനുസരിച്ച് ഇന്ത്യ, ദക്ഷിണകൊറിയ, തായ് വാന്‍ എന്നീ എണ്ണ ഇറക്കുമതി രാഷ്ട്രങ്ങളാണ് വലിയ തോതില്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരിക. വിദേശ നിക്ഷേപകര്‍ ഈ രാജ്യങ്ങളിലെ ഓഹരിവിപണികളില്‍ നിന്നും വലിയതോതില്‍ പിന്മാറുകയാണ്.

Source Livenewage