ഫോറിന്‍ എക്‌സ്‌ചേഞ്ച് മാര്‍ക്കറ്റില്‍ (ഫോറെക്‌സ്) രൂപയ്ക്ക് തിരിച്ചടി. ഡോളറിനെതിരെ രൂപയ്ക്ക് 49 പൈസ നഷ്ടമായി. നിലവില്‍ ഡോളറിനെതിരെ 75.82 രൂപയ്ക്കാണ് വ്യാപാരം നടന്നുകൊണ്ടിരിക്കുന്നത്.

വിദേശഫണ്ടിന്റെ ഒഴുക്ക്, ദേശീയ ഓഹരിവിപണികളിലെ തകര്‍ച്ച, ഉയരുന്ന ക്രൂഡ് ഓയില്‍ എന്നീ കാരണങ്ങളാണ് രൂപയുടെ തകര്‍ച്ചയ്ക്ക വഴിവെച്ചത്. ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ ഡോളറിനെതിരെ 49 പൈസ നഷ്ടമായ രൂപ 75.82 ലെത്തി.

തിങ്കളാഴ്ച ഡോളറിനെതിരെ രൂപയുടെ മൂല്യം 75.33 ആയിരുന്നു. ചൊവ്വാഴ്ച മഹാശിവരാത്രി പ്രമാണിച്ച് ഫോറെക്‌സ് അവധിയായിരുന്നു.

രൂപയുടെ തകര്‍ച്ചയോടെയായിരുന്നു വിപണി തുറന്നത്. യുക്രൈന്‍ - റഷ്യ സമാധാന ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഡോളര്‍ സൂചിക ഉയരത്തിലെത്തിയതായിരുന്നു കാരണം. ലോകത്തെ ആറ് കറന്‍സികള്‍ക്കെതിരായ ഡോളറിന്റെ മൂല്യമാണ് ഡോളര്‍ സൂചികയില്‍ പ്രതിഫലിക്കുക. നിലവില്‍ 0.01% ഉയര്‍ന്ന് 97.41 നിലവാരത്തിലാണ് ഡോളര്‍ സൂചിക.

അതേസമയം, ക്രൂഡോയില്‍ വിലക്കയറ്റവും ഏഷ്യന്‍ വിപണികളുടെ തകര്‍ച്ചയും യു.എസ് ഡോളറിനെ വീണ്ടും ശക്തിപ്പെടുത്തുമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.

ആഗോള  ബെഞ്ച്മാര്‍ക്ക് ബ്രെന്റ് ക്രൂഡ് അവധി വ്യാപാരത്തില്‍ എണ്ണവില ഡോളറിനെതിരെ 5.15 ശതമാനം നേട്ടമുണ്ടാക്കി. നിലവില്‍ 110.38 ആണ് ബാരലിന്റെ വില.

റഷ്യ - യുക്രൈന്‍ സംഘര്‍ഷം രൂക്ഷമാകും തോറും വിപണിയില്‍ അനിശ്ചിതാവസ്ഥ തുടരുമെന്നുതന്നെയാണ് വിദഗ്ധര്‍ പറയുന്നത്. വിപണി കൂടുതല്‍ അസ്ഥിരമാകുന്നതിന് മുന്‍പ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇടപെടലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകര്‍.

സെന്‍സെക്‌സ് നിലവില്‍ 748.79 താഴ്ന്ന് 55,498.49 ലാണ് വ്യാപാരം നടത്തുന്നത്. നിഫ്റ്റി 177.20 താഴ്ന്ന് 16,616.70 ല്‍ എത്തി.

Source : Livenewage 

വിദേശനിക്ഷേപകര്‍ ഇപ്പോഴും ഓഹരികള്‍ വിറ്റൊഴിയുകയാണ്. തിങ്കളാഴ്ച 3,948.47 കോടി രൂപയുടെ ഓഹരികളാണ് വിദേശനിക്ഷേപകര്‍ വിറ്റത്.